kk
കഞ്ചാവുമായി പിടിയിലായവർ

പീരുമേട്: കാറിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കോട്ടയം സ്വദേശികളായ അഭിജിത്ത് പ്രദീപ് (23), ജിഷ്ണു (24), വിജയൻ (52) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 1.132 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. ഇന്നലെ 12.30ന് ദേശീയപാത 183ൽ തട്ടാത്തിക്കാനത്തിന് സമീപം എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്. തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വാങ്ങിയ കഞ്ചാവ് കോട്ടയത്തേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുപോയതാണെന്നാണ് പിടിയിലായവർ എക്‌സൈസിനു നൽകിയ മൊഴി. പീരുമേട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.കെ. രഘുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.ബി.വിജയൻ, പ്രിവന്റിവ് ഓഫിസർ മനോജ് സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ബൈജു.ബി, ബിജു മോൻ. പി.കെ.അനീഷ്. സുമേഷ്.പി.എസ് എന്നിവർ പങ്കെടുത്തു.