തൊടുപുഴ: രജതജൂബിലി നിറവിലെത്തിയ എസ്.എൻ.ഡി.പി യോഗം വെള്ളംനീക്കിപ്പാറ ശാഖാ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിലെ മകര ചതയ മഹോത്സവം ഫെബ്രുവരി 5, 6, 7 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൊടുപുഴ യൂണിയന് കീഴിൽ 46-ാമത്തെ ശാഖയാണ് വെള്ളംനീക്കിപ്പാറയിൽ 25 വർഷം മുമ്പ് സമുദായ പ്രവർത്തനം ആരംഭിച്ചത്. ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്കൊപ്പം രജതജൂബിലി ആഘോഷവുംകൂടി നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. പി.യു. ശങ്കരൻ തന്ത്രി, എം.സി. സന്തോഷ് ശാന്തി എന്നിവർ ക്ഷേത്രചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഒന്നാം ഉത്സവദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ ആറ് മുതൽ പ്രസാദമൂട്ടിനുള്ള വിഭവങ്ങളും പൂജാദ്രവ്യങ്ങളും വഴിപാടായി സമർപ്പിക്കുന്ന കലവറ നിറയ്ക്കൽ ആരംഭിക്കും. വൈകിട്ട് ശാഖാ പ്രസിഡന്റ് ടി.എസ്. മനു 6.15ന് കൊടിയേറ്റും. തുടർന്ന് ദീപാരാധന, ഏഴ് മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ. രണ്ടാം ദിനം രാവിലെ ആറ് മുതൽ ഗണപതിഹോമം, ഗുരുപൂജ, വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പ്രസാദമൂട്ട്, 7.30ന് അജിമോൻ ചിറയ്ക്കൽ നടത്തുന്ന പ്രഭാഷണം, രാത്രി 8.30ന് നാടകം, മൂന്നാം ദിവസം രാവിലെ ഏഴ് മുതൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം, 10.30ന് കലശാഭിഷേകം, വൈകിട്ട് നാലിന് ഘോഷയാത്ര, പകൽപ്പൂരം, ദേവനൃത്തം, 6.30ന് ദീപാരാധന, 6.45ന് മഹാപ്രസാദമൂട്ട്, ഏഴിന് സാംസ്കാരിക സമ്മേളനം, രാത്രി ഒമ്പതിന് ഗാനമേള എന്നിവയാണ് പ്രധാന ചടങ്ങുകൾ. സാംസ്കാരിക സമ്മേളനം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി ഷാജി കല്ലാറ മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ബോർഡ് അംഗം വി. ജയേഷ്, ഫാ. ഡോ. മാത്യു അഴകത്ത്, പി.യു. ശങ്കരൻ നമ്പൂതിരി, സ്മിത ഉല്ലാസ് എന്നിവർ ഉത്സവസന്ദേശം നൽകും. സമീപ ശാഖകളുടെ ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും സംസാരിക്കും. ശാഖാ സെക്രട്ടറി എ.എസ്. സന്തോഷ് സ്വാഗതവും ഉത്സവ കമ്മിറ്റി കൺവീനർ ബിനീഷ് തകരപ്പറമ്പിൽ നന്ദിയും പറയും.