kk
ആർ അനീഷ്

അടിമാലി: രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനാഘോഷത്തിന് തയ്യാറെടുക്കുമ്പോൾ മൂന്നാർ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇരട്ടി സന്തോഷത്തിലാണ്. കോളേജിലെ അദ്ധ്യാപകനും എൻ.എസ്.എസ് പ്രോഗാം ഓഫീസറുമായ ആർ. അനീഷ് റിപ്പബ്ലിക് ദിന പരേഡിൽ എൻ.എസ്.എസിന്റെ കേരള ലക്ഷദ്വീപ് റീജിയൻ കന്റീജന്റ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. അപ്രതീക്ഷിതമായിട്ടായിരുന്നു പരേഡിൽ പരിശീലനം നൽകാനും രാജ്യത്താകമാനമുള്ള വിവിധ കോളേജുകളിൽ നിന്നെത്തുന്ന എൻ.എസ്.എസ് വിദ്യാർത്ഥികളെ നയിക്കുന്നതിനുമുള്ള അവസരം ലഭിച്ചത്. കേരളത്തിൽ നിന്ന് മാത്രം 12 വിദ്യാർത്ഥികൾ അനീഷിനൊപ്പം പരേഡിൽ അണിനിരക്കും. പാലക്കാട് പട്ടിക്കര നൊച്ചുക്കുളം സ്വദേശിയാണ് ആർ. അനീഷ്. 12 വർഷമായി അദ്ധ്യാപന രംഗത്തുണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ പ്രവർത്തന പരിചയമുള്ള ഈ അദ്ധ്യാപകൻ പോയ വർഷം മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് കോളേജിന് നേടികൊടുത്തു. ഒപ്പം മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും അനീഷ് സ്വന്തമാക്കി. ദേവികുളം, മൂന്നാർ, അടിമാലി മേഖലകളിൽ അനീഷിന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് സംഘം നടത്തിയ പുനർജ്ജനി പദ്ധതി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.