തൊടുപുഴ: ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ജോയിന്റ് കൗൺസിൽ ഭവന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തൊടുപുഴയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും. തൊടുപുഴ റസ്റ്റ് ഹൗസ് ബി.എസ്.എൻ.എൽ എക്‌സേഞ്ച് റോഡിൽ 2010ൽ വാങ്ങിയ നാല് സെന്റ് ഭൂമിയിലാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലയിലെ 1658 മെമ്പർമാരും അംഗസംഘടന മെമ്പർമാരും ഇതര ജീവനക്കാരും നൽകിയ സംഭാവനകൾ സ്വീകരിച്ചാണ് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇന്ന് രാവിലെ 10.30ന് തൊടുപുഴയിൽ സിവിൽ സ്റ്റേഷനിൽ നിന്ന് നൂറുകണക്കിന് ജീവനക്കാർ പങ്കെടുക്കുന്ന വിളംബര റാലിയോടെ സമ്മേളനം ആരംഭിക്കും. സംസ്ഥാന ട്രഷറർ എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ആദ്യകാല നേതാവ് എം.എൻ.വി.ജി. അടിയോടിയുടെ ഫോട്ടോ അനാച്ഛാദനം ഇ.എസ്. ബിജിമോൾ എം.എൽ.എ നിർവഹിക്കും. എംപ്ലോയീസ് ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന ചെയർമാൻ ജി. മോട്ടിലാൽ നിർവഹിക്കും. ജില്ലാ കമ്മിറ്റിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ നിർവഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ മുഖ്യപ്രഭാഷണം നടത്തും. വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ വാഴൂർ സോമൻ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. സലിം കുമാർ, സി.പി.ഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി.പി. ജോയി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, ഡബ്ല്യു.സി.സി ജില്ലാ ചെയർമാൻ പി.കെ. ജബ്ബാർ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നവാസ് പി, സലിം, ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി.ജി. പ്രസാദ്, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ഡോ. അനീഷ് ആന്റണി, ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ എന്നിവർ സംസാരിക്കും. ബിൽഡിംഗ് കമ്മിറ്റി ഖജാൻജി ഡി. ബിനിൽ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ സ്വാഗതവും ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. രാഗേഷ് നന്ദിയും പറയും. തുടർന്ന് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ നന്മ അവതരിപ്പിക്കുന്ന ഗാനമേള നടക്കും. വാർത്താസമ്മേളനത്തിൽ ബിൽഡിംഗ് കമ്മിറ്റി ജനറൽ കൺവീനർ കൂടിയായ ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എ. സുരേഷ് കുമാർ, ബിൽഡിംഗ് കമ്മിറ്റി ട്രഷറർ കൂടിയായ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിൽ, ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജി.രമേഷ്, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്.രാഗേഷ് എന്നിവർ പങ്കെടുത്തു.