lkk
ബൈജുവും കുടുംബവും

അടിമാലി: ഇരു വൃക്കകളും തകരാറിലായ മാങ്കുളം സ്വദേശിയായ യുവാവ് ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസുകളുടെ സഹായം തേടുന്നു. മാങ്കുളം വേലിയാംപാറ സ്വദേശി ചേന്നവേലിൽ ബൈജുവാണ് ചികിത്സയ്ക്കായുള്ള പണമില്ലാതെ ജീവിതം തള്ളി നീക്കുന്നത്. വൃക്കകൾ മാറ്റി ബൈജുവിന് ജീവിതത്തിലേക്ക് തിരികെയെത്താൻ കുറഞ്ഞത് 20 ലക്ഷത്തിലധികം രൂപ വേണം. പുതിയൊരു ജീവിതം സ്വപ്നം കണ്ടായിരുന്നു 39കാരനായ ബൈജു പത്ത് മാസങ്ങൾക്ക് മുമ്പ് ഗൾഫിലേക്ക് വിമാനം കയറിയത്. കൂലിവേല ചെയ്ത് കിട്ടുന്നതു കൊണ്ട് കുടുംബം പുലർത്താനാകില്ലെന്ന് തിരിച്ചറിഞ്ഞ ബൈജു സന്ദർശക വിസയിൽ ഗൾഫിലേക്ക് ചേക്കേറുകയായിരുന്നു. പക്ഷേ ബൈജു പ്രതീക്ഷിച്ച പോലൊരു ജോലിയോ വരുമാനമോ ഗൾഫിൽ കിട്ടിയില്ലെന്നു മാത്രമല്ല ഒമ്പത് മാസങ്ങൾക്കിപ്പുറം രോഗിയായി നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. ഇന്നീ യുവാവ് ഇരു വൃക്കകളും തകരാറിലായി ചികിത്സയ്ക്കുള്ള പണത്തിനായി സുമനസുകളുടെ സഹായം തേടുകയാണ്. പ്രവാസി ജീവിതത്തിനിടയിൽ പനി കലശലായതാണ് വൃക്കകൾ തകരാറിലാകാൻ കാരണമെന്നും നാട്ടിലെത്തിയശേഷവും പനികുറയാതെ വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തി വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് വൃക്കകൾ തകരാറിലായ വിവരം ഡോക്ടർമാർ അറിയിച്ചതെന്നും ബൈജുവിന്റ സഹോദരൻ പറഞ്ഞു. രോഗം തിരിച്ചറിഞ്ഞത് മുതൽ ഭാര്യ അനിതയും മക്കളായ ശ്രീരാഗും ശ്രീവിദ്യയും അടങ്ങുന്ന ബൈജുവിന്റെ കുടുംബം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ഭാര്യയെയും പോറ്റണമെങ്കിൽ ബൈജുവിന് രോഗത്തെ ചികിത്സ കൊണ്ട് തോൽപ്പിക്കണം. ജിവിതം തിരികെ ലഭിച്ചാൽ പണിയെടുത്ത് കടമത്രയും തീർത്ത്, വിധിയെ വഴിമാറ്റി വിടാമെന്ന ഉറപ്പ് ബൈജുവിനുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ബൈജുവിന് മുമ്പോട്ട് പോകാൻ നല്ലമനസുകളുടെ താങ്ങ് വേണം. സൃഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ബൈജു ചികിത്സാ സഹായനിധി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ച് കഴിഞ്ഞു. കരുണ വറ്റാത്ത മനസുള്ളവർക്ക് ബൈജുവിന്റെ ഭാര്യ അനിത ബൈജുവിന്റെ പേരിൽ ഫെഡറൽ ബാങ്ക് മാങ്കുളം ശാഖയിൽ തുറന്നിട്ടുള്ള 22180100045578 എന്ന അക്കൗണ്ട് നമ്പരിൽ 0002218 എന്ന ഐ.എഫ്.എസ്.സി കോഡുപയോഗിച്ച് പണം നിക്ഷേപിക്കാം.