മറയൂർ: മറയൂർ പഞ്ചായത്തിലെ നാലാം വാർഡിൽപെട്ട ഇന്ദിര നഗർ ആദിവാസി പുനരധിവാസ കോളനിയിൽ തീ പടർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ തീ അണച്ചതിനാൽ വികലംഗയായ വൃദ്ധയെയും കുട്ടികളെയുമടക്കം നിരവധി പേരെ അപകടത്തിൽ നിന്ന് രക്ഷിക്കാനായി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപടർന്നത്. ഈ സമയം വീടിനുള്ളിലുണ്ടായിരുന്ന പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത മാരിയമ്മ (79), പത്തും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികൾ എന്നിവരെ രക്ഷിക്കാൻ വനപാലക സംഘത്തിന് കഴിഞ്ഞു. വീടിന് സമീപം വരെ തീയെത്തി. ചരിത്ര പ്രധാന്യമുള്ള മുനിയറകളും ഗുഹാചിത്രങ്ങളുമുള്ള പ്രദേശമാണ് തീയിലകപ്പെട്ടത്. സാമൂഹ്യ വിരുദ്ധരായിരിക്കാം തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം.