മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ അമ്പലപ്പാറ ഭാഗത്ത് നിന്ന് മൂന്നു ചന്ദന കുറ്റികൾ കടത്തിയ കേസിൽ ഒളിവിൽ പോയ പ്രതി ദേവികുളം കോടതിയിൽ കീഴടങ്ങി. മാങ്കുളം കമ്പനികുടി സ്വദേശി രാജീവാണ് (36) കീഴടങ്ങിയത്. രാജീവിനെ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ഡിസംബർ 20നാണ് പ്രതികൾ ചേർന്ന് അമ്പലപ്പാറ ഭാഗത്ത് നിന്ന് മൂന്നു ചന്ദന കുറ്റികൾ കടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിസംബർ 22ന് മറയൂർ നെല്ലിപ്പെട്ടി ആദിവാസി കോളനി സ്വദേശി അറുമുഖത്തെ (38) ആറു കിലോ ചന്ദനവുമായി പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിന്നക്കനാൽ സൂര്യനെല്ലികുടിയിലെ രജനി (35), മുരുകൻ(45) എന്നിവരെ ജനുവരി ഒമ്പതിന് പിടികൂടിയിരുന്നു. ഈ സംഘത്തോടൊപ്പം ചന്ദനമരം മുറിക്കാനും കാട്ടുവഴികളിലൂടെ തലച്ചുമടായി കൊണ്ടു പോകാനും രാജീവ് ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രാജീവ് കോടതിയിൽ കീഴടങ്ങിയത്. രാജീവിനെ ചോദ്യം ചെയ്ത് വരുന്നതായി മറയൂർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നിസാം പറഞ്ഞു.