ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വനത്തിൽ ഒളിച്ച യുവാവിന് വേണ്ടി പൊലീസും നാട്ടുകാരും രാപ്പകൽ തിരച്ചിലിൽ. ഇലവീഴാപൂഞ്ചിറയ്ക്ക് സമീപത്തെ വനമേഖലയിലും പരിസരത്തെ സ്വകാര്യ പുരയിടങ്ങളിലുമാണ് 35ൽ പരം പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം വീരപ്പൻ വേട്ടയെ അനുസ്മരിപ്പിക്കുന്ന തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പള്ളിയിൽ വേദപാഠ ക്ലാസിന് പോയ കുമളി സ്വദേശിയായ 17കാരിയെയാണ് കാണാതായത്. ഇത് സംബന്ധിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മേലുകാവ് സ്വദേശിയായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചത്. രണ്ട് ദിവസം മുമ്പ് ഇയാളും പെൺകുട്ടിയും ഇലവീഴാപൂഞ്ചിറ ഭാഗത്തേക്ക് പോയതായി നാട്ടുകാർ നൽകിയ സൂചനയെ തുടർന്നാണ് കാട് അരിച്ചുപെറുക്കിയുള്ള പരിശോധന തുടങ്ങിയത്. ഇവർ വനത്തിൽ ആഹാരം പാചകം ചെയ്തതിന്റെ അടുപ്പും പാത്രങ്ങളും ഇരുവരുടെയും വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും ചൊവ്വാഴ്ച പകൽ അന്വേഷണ സംഘം കണ്ടെടുത്തു. വനത്തിൽ ക്യാമ്പ് ചെയ്യുന്നതിനിടെ പൊലീസിന്റെ നീക്കം അറിഞ്ഞ് രക്ഷപ്പെട്ടതാകാമെന്നാണ് കരുതുന്നത്. എവിടെ നിന്നാണ് ഇവർ പാത്രങ്ങളും അരി ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങളും സംഘടിപ്പിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 23 വയസിനകം നിരവധി സ്ത്രീകളെയും പെൺകുട്ടികളേയും കെണിയിൽ വീഴ്ത്തിയിട്ടുള്ള വിരുതനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. രണ്ട് വർഷം മുമ്പ് കോട്ടയം ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിട്ടുമുണ്ട്. ഇടുക്കി ജില്ലയിൽ തന്നെ ഇയാളുടെ പീഡനത്തിന് ഇരയായ 23 കാരി സ്വന്തം വീട്ടിൽ പ്രസവിച്ചെന്നും വിവരമുണ്ട്. തലമുടി നീട്ടി വളർത്തി പ്രാകൃതമായ വസ്ത്രധാരണം നടത്തി നടക്കുന്നയാളാണ് പ്രതി. കട്ടപ്പന ഡി.വൈ.എസ്.പി, കുമളി പൊലീസ് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ 35 ലധികം ഉദ്യോഗസ്ഥരും പെൺകുട്ടിയുടെ ബന്ധുക്കളുമാണ് നാട്ടുകാരുടെ സഹായത്തോടെ പീഡന വീരനെ തിരയുന്നത്. പാറകെട്ടുകളും അഗാധമായ കുന്നിൽ ചെരിവുകളുമുള്ള പ്രദേശമായതിനാൽ അതിസാഹസികമായാണ് പരിശോധന നടക്കുന്നത്.