തൊടുപുഴ: ജില്ലാ ജയിലിൽ വിചാരണ തടവുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. മയക്കുമരുന്ന് കേസിൽ പിടിയിലായ ഇരുപതോളം തടവുകാരാണ് വാർഡിൽ പതിവ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞത്. പുകയില ഉത്പന്നങ്ങളും മയക്കുമരുന്നും തടവുകാർ കൈവശം വച്ച് ഉപയോഗിക്കുന്നത് തടയാനാണ് പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ഇത്തരം പരിശോധനയ്ക്കിടെ ഒരു സെല്ലിലെ തടവുകാർ മുഴുവൻ സംഘടിച്ച് ചെറുത്തു നിന്നു. ആഹാരം കഴിക്കാൻ നൽകിയിരിക്കുന്ന പാത്രങ്ങൾ നിലത്തടിച്ചും ഗ്രില്ല് വലിച്ചിളക്കിയും പ്രതികൾ ആക്രമണത്തിന് മുതിർന്നു. പുതുതായി പ്രവർത്തനം ആരംഭിച്ച മുട്ടം ജില്ലാ ജയിലിൽ ആകെ 106 തടവുകാരാണുള്ളത്. ഇതിൽ 80 ശതമാനവും വിവിധ മയക്കുമരുന്ന് കേസിലെ വിചാരണ തടവുകാരാണ്. ഒരു സെല്ലിലുള്ളവർ സംഘടിച്ച് ബഹളം ഉണ്ടാക്കിയതോടെ ഉദ്യോഗസ്ഥർ പരിശോധന മതിയാക്കി പിന്മാറുകയായിരുന്നു. സംഭവം സംബന്ധിച്ച് ജയിൽ സൂപ്രണ്ട് പൊലീസിൽ പരാതി നൽകി.