തൊടുപുഴ: നഗരസഭയിൽ നാളെ നടക്കുന്ന അവിശ്വാസ പ്രമേയം പാസാക്കുന്നതിനായി കോൺഗ്രസും മുസ്ലീം ലീഗും ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് എൽ.ഡി.എഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കാൻ മുൻ ചെയർമാനും ഇപ്പോൾ മുസ്ലീം ലീഗ് പ്രതിനിധിയുമായ കൗൺസിലറാണ് മുൻകൈയെടുത്തതെന്നും നേതാക്കൾ പറഞ്ഞു. ആറു മാസം മുമ്പ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് ഭരണ സമിതി ഈ കാലയളവിനുള്ളിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. കാലങ്ങളായി ലീഗുംകോൺഗ്രസും ഭരണം നടത്തിയിട്ടും തുടക്കം കുറിക്കാൻ കഴിയാതിരുന്ന എ.എം. മുഹമ്മദ് കുഞ്ഞ് ലബ്ബയുടെ പേരിലുള്ള ഷോപ്പിംഗ്‌ കോംപ്ലക്സിന് തറക്കല്ലിടാൻ സാധിച്ചു. നഗരസഭ കാര്യാലയത്തിൽ വീഡിയോ കോൺഫറൻസ് ഹാളിന്റെ നിർമാണം പൂർത്തിയായി വരുന്നു. കൂടാതെ വൃദ്ധജനങ്ങൾക്കായുള്ള പകൽ വീടിന്റെയും നഗരസഭ യുപി സ്‌കൂൾ ഹൈടെക് ആക്കുന്നതിന്റെയും പാർക്ക് ആധുനികവത്കരണത്തിന്റെ നിർമാണവും നടന്നു വരികയാണ്. ഇത്തരം വികസന പ്രവർത്തനങ്ങളിൽ അസഹിഷ്ണുത പൂണ്ടാണ് ഇപ്പോൾ ബി.ജെ.പിയുമായി കൂട്ടുചേർന്ന് എൽ.ഡി.എഫ് ഭരണത്തെ അട്ടിമറിക്കാൻ അവിശ്വാസത്തിലൂടെ നീക്കം നടത്തുന്നത്. അവിശ്വാസം പരാജയപ്പെടുത്താൻ ബി.ജെ.പി സഹായം സ്വീകരിക്കില്ലെന്നും ഭരണം നില നിറുത്താൻ യു.ഡി.എഫിലെ കക്ഷികളുമായി നീക്കുപോക്കുണ്ടാക്കില്ലെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫ്‌ നേതാക്കളായ വി.വി. മത്തായി, കെ.പി. മേരി, കെ. സലിംകുമാർ, മുഹമ്മദ് ഫൈസൽ, നഗരസഭ ചെയർപേഴ്സൺ മിനി മധു എന്നിവർ പങ്കെടുത്തു.