ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിനായി പിടിമുറുക്കി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിൽ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഇടുക്കി സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു. ഇടുക്കിയിൽ മത്സരിക്കുന്നത് ഉമ്മൻചാണ്ടിയല്ലെങ്കിൽ സീറ്റ് തങ്ങൾക്ക് വേണമെന്ന് യു.ഡി.എഫിൽ ആവശ്യപ്പെടുമെന്ന് പിജെ. ജോസഫ് ഇന്നലെയും വ്യക്തമാക്കി. പി.ജെ ജോസഫ് വിഭാഗം എൽ.ഡി.എഫിൽ ആയിരുന്നപ്പോൾ മത്സരിച്ചിരുന്ന സീറ്റാണ് ഇടുക്കി. അന്നു ജോസഫിനൊപ്പം നിന്ന കെ. ഫ്രാൻസിസ് ജോർജ്ജ് ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലെത്തിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ഇടുക്കിയിൽ മത്സരിച്ചാൽ സീറ്റ് തിരിച്ചു പിടിക്കാനാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ അവകാശവാദം. കോൺഗ്രസിനോട് ഇടുക്കിയിലെ കത്തോലിക്കാ സഭാനേതൃത്വത്തിനുള്ള എതിർപ്പ് മുൻനിർത്തി സീറ്റ് നേടുകയെന്ന ലക്ഷ്യത്തിലാണ് പി.ജെ. ജോസഫ് വിഭാഗം. സമ്മർദ്ദം ശക്തമാക്കുന്നതിന് ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രാദേശികതല യോഗങ്ങളും ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗം കത്തോലിക്ക സഭയെ പ്രകോപിപ്പിച്ചതാണ് കഴിഞ്ഞ തവണ ഇടുക്കി സീറ്റ് നഷ്ടപ്പെടാൻ കാരണമെന്ന് കേരളാ കോൺഗ്രസ് നേതാക്കൾ പറയുന്നു. തൊടുപുഴ, ഇടുക്കി നിയോജക മണ്ഡലങ്ങളിൽ നിലവിൽ കേരളാ കോൺഗ്രസ് സിറ്റിംഗ് സീറ്റുകളാണ്. കോതമംഗലം മണ്ഡലം വർഷങ്ങളായി കേരളാ കോൺഗ്രസായിരുന്നു കൈയ്യടക്കി വച്ചിരുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് സീറ്റ് നഷ്ടപ്പെട്ടത്.

അവകാശവാദം ഇങ്ങനെ

ഇടുക്കി മണ്ഡലത്തിൽ പാലാ, കോതമംഗലം, ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകൾക്ക് നിർണ്ണായക സ്വാധീനം ഉണ്ടെന്നും കേരളാ കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ സഭയുടെ പൂർണ്ണ പിന്തുണ ലഭിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. തൊടുപുഴ, ഇടുക്കി, കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിൽ കേരളാ കോൺഗ്രസിന് നിർണ്ണായക സ്വാധീനം ഉണ്ടെന്നും ഇവർ പറയുന്നു.

നയം വ്യക്തമാക്കി കോൺഗ്രസ്

സീറ്റ് വിട്ടു നൽകില്ലെന്നാണ് കോൺഗ്രസ് നിലപാട്. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരിക്കും മത്സരിക്കുകയെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ വ്യക്തമാക്കിയിരുന്നു. ഇടുക്കിക്ക് വേണ്ടി കേരളാ കോൺഗ്രസ് കടുംപിടുത്തം നടത്തിയാൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിനുമേൽ തങ്ങളും പിടിമുറുക്കുമെന്ന് കോട്ടയം ഡി.സി.സിയും പറഞ്ഞിട്ടുണ്ട്.

മാണിയുടെ നിലപാടും നിർണായകമാകും

ഇതോടെ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. മാണി സമ്മർദ്ദത്തിലാണ്. കോട്ടയത്തെ പ്രതിനിധീകരിച്ചിരുന്നത് കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിയായിരുന്നു. ജോസ്.കെ മാണി രാജ്യസഭാ എം.പിയായതിനാൽ അദ്ദേഹത്തിന്റെ ഭാര്യ നിഷാ ജോസ്.കെ മാണിയെ മത്സരിപ്പിക്കാൻ മാണി ലക്ഷ്യമിടുന്നുണ്ട്. ഇതിനിടെയിലാണ് ഇടുക്കി സീറ്റിൽ അവകാശവാദം ഉന്നയിച്ച് ജോസഫ് വിഭാഗം എത്തിയത്. ഇടുക്കി സീറ്റ് കേരളാ കോൺഗ്രസിന് ലഭിച്ചാൽ കോട്ടയം കോൺഗ്രസിന് വച്ചു മാറേണ്ടി വരും. കെ.എം. മാണി ഇതിനു തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.