തൊടുപുഴ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ ജനവികാരം ഇളക്കിമറിച്ച് ഡി സി സിയുടെ കർഷകരക്ഷായാത്ര പര്യടനം. 20ന് കാന്തല്ലൂരിൽ തുടങ്ങിയ യാത്ര ഒരോ പഞ്ചായത്തിലും പൊതുയോഗം സംഘടിപ്പിച്ചാണ് കടന്നുപോകുന്നത്.
എം.പി.യുടെ പ്രവർത്തന പരാജയങ്ങൾ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനം കർഷകർക്ക് ഗുണകരമായ സാഹചര്യം, അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാത്ത കേന്ദ്രസംസ്ഥാന സർക്കാർ നടപടികളുമൊക്കെയാണ് യാത്രയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇടുക്കിയിലെ കാർഷികോത്പ്പന്ന വിലത്തകർച്ചയും പ്രളയദുരന്തങ്ങളും പരിഗണിച്ച് കർഷകരുടെ വായ്പകൾ എഴുതി തള്ളുക, തിരഞ്ഞെടുപ്പു പെരുമാറ്റചട്ടം വരുന്നതിനു മുമ്പ് പ്രളയ ദുരിതാശ്വാസ തുകകൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും വിവിധ വിഷയങ്ങളെ അധികരിച്ച് പതിനഞ്ചോളം നേതാക്കൾ പ്രസംഗിക്കും. ഇതിനായി പ്രസംഗ പരിശീലന കളരിയും നേരത്തെ നടത്തിയിരുന്നു.
ഇന്ന് രാവിലെ 9ന് കട്ടപ്പനയിൽ നിന്നും കർഷകരക്ഷായാത്ര പര്യടനം തുടരും. രാവിലെ 10 ന് കാഞ്ചിയാർ, 11ന് മാട്ടുക്കട്ട, 12.30ന് ഉപ്പുതറ, ഉച്കഴിഞ്ഞ് 2ന് ഏലപ്പാറ, 3ന് വാഗമൺ, 4ന് മൂലമറ്റം, 5ന് കാഞ്ഞാർ, 5.30ന് മുട്ടത്ത് സമാപനം. സമാപനസമ്മേളനം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി യോഗത്തിൽ പങ്കെടുക്കും. നാളെ വൈകിട്ട് വണ്ണപ്പുറത്ത് യാത്ര സമാപിക്കും. സമാപനസമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ പ്രചരണാർത്ഥം കൂടിയാണ് ഡി സി സി യുടെ പരിപാടി. ഫെബ്രുവരി 19ന് ഉച്ചകഴിഞ്ഞ് 3ന് അടിമാലി, 5ന് തൂക്കുപാലം, 20ന് രാവിലെ 10ന് കുമളി, 12ന് ചെറുതോണി, 4ന് തൊടുപുഴ എന്നീ മുല്ലപ്പള്ളിയുടെ യാത്ര എത്തുന്നത്.