വണ്ടിപ്പെരിയാർ: കാടിറങ്ങുന്ന വാനരസംഘം ജനവാസ മേഖലയ്ക്കും കാർഷിക വിളകർക്കും കനത്ത ഭീഷണിയാവുന്നു.
വാളാർഡി, ശാന്തിനഗർ, ഗാന്ധിനഗർ തുടങ്ങിയ പ്രദേശത്തെ നാട്ടുകാർക്കും കർഷകർക്കും ഇവറ്റകൾ ഒരുപോലെ പ്രശ്നക്കാരാവുകയാണ്. കുരങ്ങുകൾ കൂട്ടത്തോടെ ചീറിയടുക്കുന്നത് കാരണം പകൽസമയം വീടിന് പുറത്ത് ഇറങ്ങാൻ പോലും ആളുകൾക്ക് ഭയമാണ്. സ്ത്രീകളും, കുട്ടികളും പുറത്ത് ഇിങ്ങിയാൽ ഇവ ആക്രമിക്കാൻ മുതിരുന്നതായും നാട്ടുകാർ പറയുന്നു.
വാനരസംഘം കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. വാഴക്കുല, ചക്ക, ഓറഞ്ച് തുടങ്ങിയ ഫളങ്ങലും കാർഷികവിളകളായ ഏലം കാപ്പി, തെങ്ങ്,കവുങ്ങ് തുടങ്ങിയവയെല്ലാം തകർത്ത് ഭക്ഷണമാക്കുകയും നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഏലം ഇളംചിമ്പ് കീറിനശിപ്പിക്കുന്നതിനാൽ ചെടികൾ പൂർണമായും നശിക്കുകയാണ്. കുരങ്ങിനെ പേടിച്ച് കൃഷിയിടങ്ങളിൽ പകൽമുഴുവൻ കർഷകർ കാവൽ നിക്കേണ്ട അവസ്ഥയുമുണ്ട്. വീടിനുള്ളിൽ കയറി ഭക്ഷണ പദാർത്ഥങ്ങൾ എടുക്കുക, വീട്ടുപകരണങ്ങൾ നാശനഷ്ടങ്ങൾ വരുത്തുക, വീടിന്റെ ഷീറ്റുകൾ പൊട്ടിക്കുക, തുടങ്ങിയവയാണ് ഇവറ്റകളുടെ മറ്റ് വികൃതികൾ.ആക്രമണകാരിയായ കുരങ്ങിനെ പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൃഷിയ്ക്കും, ജനങ്ങൾക്കും സുരക്ഷിതത്വം ആവശ്യമായ സുരക്ഷയൊരുക്കണം. ശാന്തിനഗർ, ഗാന്ധിനഗർ, പ്രദേശങ്ങളിലെ സ്വകാര്യ തോട്ടത്തിലെ വൻമരങ്ങൾ എതാനും വർഷങ്ങൾക്ക് മുമ്പ് മുറിച്ച് മാറ്റിയിരുന്നു , വലിയ കാട്ടുമരങ്ങളാണ് മുറിച്ചു മാറ്റിയത്. ഇതിനു ശേഷമാണ് കുരങ്ങുകൾ സംഘമായി ജനവാസമേഖലയ്ക്ക് കടന്ന് നശനഷ്ടങ്ങൾ തുടങ്ങിയത്. കുരങ്ങ് ശല്യം രൂക്ഷമായതിനെ തുടർന്ന് ശാന്തിനഗർ റസിഡൻഷ്യൽ അസോസിയേഷന്റെ ആവശ്യത്തെ തുടർന്ന് കുമളി വനം വകുപ്പ് ഓഫീസിൽ നിന്നും വനപാലകർ എത്തി കുട് സ്ഥാപിച്ചെങ്കിലും ദൗത്യം പരാജയപ്പെടുകയായിരുന്നു. കുരങ്ങ് ഭീഷണിക്കെതിരെ നാട്ടുകാർ കുമളിയിലെ വനം വകുപ്പു ഓഫിസിലേക്ക് സമരം നടത്തുവാൻ ഒരുങ്ങുകയാണ്
ജി.ജയചന്ദ്രൻ റേഞ്ച് ഓഫിസർ കുമളി
ജനവാസ മേഖലയിലെ ഭീതിയകറ്റാൻ ഇന്നു തന്നെ കൂട് സ്ഥാപിക്കും.നേരത്തെ രണ്ടു തവണ കൂട് വെച്ചപ്പോൾ ആക്രമണകാരായ ഒരു കുരങ്ങിനെ പിടികൂടി തേക്കടി വനത്തിൽ വിട്ടതാണ്. എന്നാൽ പിന്നീട് ഇവയെ പിടികൂടാൻ കഴിയാത്തതിനാലാണ് കൂട് എടുത്തുമാറ്റിയതെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.