തൊടുപുഴ: മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിൽ അതിവേഗം ബഹുദൂരം മുന്നേറിയ മണക്കാട് ഗ്രാമപ്പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ പ്രവർത്തനം മാതൃകയാകുന്നു.
പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിന് പ്രതീക്ഷച്ചതിലും വേഗത്തിൽ പരിഹാരമുണ്ടാക്കാൻ സേനയുടെ പ്രവർത്തനം സഹായിച്ചെന്നാണ് പൊതു വിലയിരുത്തൽ. 13 വാർഡുകളിലായി 26 അംഗങ്ങളാണ് മണക്കാടിനെ മലരണിക്കാടാക്കാൻ അക്ഷീണം യഗ്നിക്കുന്നത്. ഒരോ വാർഡിലും രണ്ട് അംഗങ്ങൾവീതം ദിവസം 50 വീടുകളിൽ നേരിട്ടെത്തി മാലിന്യം ശേഖരിക്കും. ആദ്യപടിയായി മാലിന്യ നിർമ്മാർജ്ജനത്തിനുവേണ്ടിയുള്ള ബോധവത്കരണ പരിപാടികളാണ് ഇവർ ഏറ്റെടുത്തത്. കരിമ്പച്ചനിറമുള്ള യൂണിഫോമണിഞ്ഞ സേനാംഗങ്ങൾ ഭവനസന്ദർശനം നടത്തി ലഘുലേഖകളും പഞ്ചായത്തിന്റെ നോട്ടീസുകളും വിതരണം ചെയ്തു. ഉറവിടമാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, ശുചിത്വ പരിപാലനത്തിന്റെ ആവശ്യകത എന്നിവയെല്ലാം ആളുകളെ ബോധ്യപ്പെടുത്തി. സംശയ നിവാരണത്തിന് സേനാംഗങ്ങളുടെ ഫോൺ നമ്പരും നൽകിയാണ് മടങ്ങിയത്. പിന്നീട് മാലിന്യശേഖരണം തുടങ്ങിയപ്പോൾ ആദ്യദിനങ്ങളിൽ വൻതോതിൽ അജൈവ വസ്തുക്കൾ ലഭിച്ചെങ്കിലും പിന്നീട് അതിന്റെ തോത് കുറഞ്ഞുവരികയായിരുന്നു. ഇപ്പോൾ ഉപയോഗശേഷം കഴുകിവൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക്ക് കവറുകളാണ് കൂടുതലായി ലഭിക്കുന്നത്. ഇത് ശേഖരിച്ച് ചാക്കുകളിലാക്കി വാഹനത്തിൽ കയറ്റി പെരിയാമ്പ്രയിലെ സംഭരണ കേന്ദ്രത്തിലെത്തിക്കുന്ന ജോലിയാണ് സേനയ്ക്കുള്ളത്.
പ്ലാസ്റ്റിക്കിന് പുറമേ അടുത്ത ഘട്ടത്തിൽ ചില്ലുകൾ, ഇ വേസ്റ്റ്, ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവയും വീടുകളിൽ നിന്ന് ശേഖരിക്കും. മാലിന്യസംസ്കാരണത്തിനുവേണ്ടി മാസം 20 രൂപവീതം യൂസർഫീയായി ഓരോ കുടുംബവും നൽകണം. മിക്ക വീട്ടുകാരും ഈ പദ്ധതിയുമായി നല്ലനിലയിൽ സഹകരിക്കുന്നുണ്ടെന്ന് സേനയുടെ പ്രസിഡണ്ട് എം.കെ റേയ്ച്ചൽ സെക്രട്ടറി അമ്മിണി അയ്യപ്പൻ എന്നിവർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹരിതകർമ്മ സേന രൂപീകരിച്ചെങ്കിലും പല കാരണങ്ങളാൽ ട്രാക്കിലെത്താൻ വൈകി. കുടുംബശ്രീ മുഖേന പരിശീലനം ലഭ്യമാക്കിയ അംഗങ്ങളെയാണ് സേനയിൽ ഉൾപ്പെടുത്തിയത്. സേവനം ചെയ്ത തുടങ്ങി നാലു മാസം പിന്നിടുമ്പോൾ 9000 രൂപയോളം യൂസർഫീയായി ലഭിച്ചിട്ടുണ്ട്. ഈ തുകയും പഞ്ചായത്ത് വകയിരുത്തുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടും ചേർത്താണ് സേനാംഗങ്ങൾക്ക് വേതനം നൽകുന്നത്. ഹരിതകർമ്മ സേനയെ സ്വയംതൊഴിൽ സംരംഭമായി വികസിപ്പിച്ചെടുക്കാനാണ് ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും ലക്ഷ്യമിടുന്നത്.എല്ലാ പഞ്ചായത്ത് മെബർമാരും ഒറ്റക്കെട്ടായി സഹകരിച്ചതിനാലാണ് ഹരിതകർമ്മ സേനയ്ക്ക് പ്രവർത്തനവേഗത കൈവരിക്കാനായതെന്ന് പ്രസിഡണ്ട് വത്സാ ജോൺ പറഞ്ഞു. ബാലാരിഷ്ടതകളെല്ലാം പരിഹരിച്ച് ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞതും കക്ഷി രാഷ്ട്രീയത്തിനതീതമായ ഐക്യം കൊണ്ടാണെന്നും അവർ പറഞ്ഞു.