തൊടുപുഴ: മാർ ജോർജ്ജ് പുന്നക്കോട്ടിൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മാരക പ്രഭാഷണം ഇന്ന് ഉച്ചയ്ക്ക് ന്യൂമാൻ കോളേജ് ഓഡിറ്രോറിയത്തിൽ നടക്കും. ബ്രിഗേഡിയർ എൻ.വി. ഉദ്ഘാടനം ചെയ്യും. 37 വർഷക്കാലം കോതമംഗലം രൂപതയെ ആത്മിയ ഭൗതിക മേഖലകളിൽ സുത്യർഹമായി നയിച്ച പുന്നക്കോട്ടിൽ പിതാവിന്റെ പൗരോഹിത്യ ജൂബിലി സ്മാരകമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ 5-ാം മത്തെ പതിപ്പാണ് നടക്കുന്നത്. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ യുവജനങ്ങളുടെ പങ്ക്:സാദ്ധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രഭാഷണം നടക്കുക.
വൈദ്യുതി വകുപ്പ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
തൊടപുഴ: വൈദ്യുതി വകുപ്പ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം മൂലമറ്റത്ത് നടന്നു. മൂലമറ്റം എച്ച്.ആർ.സി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സത്യരാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി ജുമൈല ബീവി (പ്രസിഡന്റ്), ഷൈൻ രാജ് (സെക്രട്ടറി), ഷംസുദ്ദീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കുടുംബസംഗമം 26ന്
തൊടുപുഴ : ഞാറക്കുളം, തുറയ്ക്കൽ, കല്ലിടുക്കിൽ കുടുംബസംഗമം 26ന് വൈക്കം പട്ടശ്ശേരി കല്ലിടുക്കിൽ ജോസ് തോമസിന്റെ വസതിയിൽ നടക്കുമെന്ന് പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ, സെക്രട്ടറി ബേബി ജോസഫ് എന്നിവർ അറിയിച്ചു. രാവിലെ 9.30ന് വൈക്കം സെന്റ് ജോസഫ്സ് ഫൊറോനപള്ളിയിൽ ഫാ. സക്കറിയാസ് കല്ലിടുക്കിൽ വിശുദ്ധ കുർബാന അർപ്പിക്കും. 11ന് ചേരുന്ന സമ്മേളനം ഫാ. സക്കറിയാസ് കല്ലിടുക്കിൽ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ജോസ് തോമസ്, ബേബി ജോസഫ്, ഫാ.ചാൾസ് ഞാറക്കുളം തുടങ്ങിയവർ പ്രസംഗിക്കും.
വിന്റർ ട്രക്കിംഗ് സമാപിച്ചു
തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാമ്പാടുംചോല ദേശീയോദ്യാനത്തിലും വട്ടവടയിലുമായി വിന്റർ ട്രക്കിംഗ് സംഘടിപ്പിച്ചു. കനത്ത മഞ്ഞും തണുപ്പും ആസ്വദിച്ചുകൊണ്ടാണ് സംഘം കാടിനെ നേരിട്ട് അനുഭവിച്ചും ആസ്വദിച്ചും ഈ ദ്വിദിന യാത്രയിൽ പങ്കാളികളായത്. വനം വന്യജീവി വകുപ്പ് ഇരവികുളം നാഷണൽ പാർക്കിന്റെയും ജൈവ വൈവിധ്യ ബോർഡിന്റെയും സഹകരണത്തോടെ നടത്തിയ യാത്രയ്ക്ക് ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ, ദേശീയ ട്രക്കർ കുമാർ ഉപാസന, നിഖിൽ രാധാകൃഷ്ണൻ, ഷിബു ജോസഫ്, അഡ്വ. പ്രേം ലാൽ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. മോഹൻ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം യുവതീ യുവാക്കൾ പങ്കെടുത്തു.
ദണ്ഡവിമോചന പ്രാർത്ഥനാദിനം
തൊടുപുഴ : ഡീ പോൾ ആശ്രമദേവാലയത്തിൽ ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള ദണ്ഡവിമോചന പ്രാർത്ഥനാദിനം ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. ഡീപോൾ ആശ്രമം സുപ്പീരിയർ ഫാ. തോമസ് അമ്പാട്ടുകുഴിയിൽ പ്രാർത്ഥന നയിക്കും.
മന്ത്രിസഭയുടെ ആയിരം ദിനാഘോഷം: ആലോചനയോഗം 26 ന്
ഇടുക്കി : സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടികളുടെ ആലോചനായോഗം 26 ന് രാവിലെ 9.30 ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിനുസമീപമുള്ള വോളിബോൾ അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ ചേരും. വൈദുതിവകുപ്പ് മന്ത്രി എം.എം മണിയുടെ അദ്ധ്യക്ഷത വഹിക്കും. എല്ലാ വകുപ്പുകളിലെയും ജിലാതല മേധാവികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ചിത്തിരപുരം ഗവൺമെന്റ് ഐ.ടി.ഐ
ഇടുക്കി : പുതുതായി ആരംഭിച്ച ചിത്തിരപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ തുടങ്ങുന്ന രണ്ടുവർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ടീഷ്യൻ, എന്നീ ട്രേഡുകളിലേക്ക് പത്താംക്ലാസ് പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചിത്തിരപുരം ഗവൺമെന്റ് ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ഓഫീസിലും കൊച്ചുമുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് ഐ.ടി.ഐ ഓഫീസിലും അപേക്ഷകൾ ലഭ്യമാണ്. അവസാന തീയതി 25. ഫോൺ- 04868 241813, 9847432553.
ഉണ്ണിയൂട്ട് നടന്നു
രാജാക്കാട്:നടുമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ഉണ്ണി ഊട്ട് നടന്നു യജ്ഞാചാര്യൻ തിരുവെങ്കിടപുരം ഹരികുമാർ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് മധു വരിക്കാട്ട്,സെക്രട്ടറി പി.ആർ.നകുലൻ എന്നിവർ നേതൃത്വം നൽകി. 26ന് രുഗ്മണീസ്വയംവര ഘോഷയാത്രയും 28ന് ആറാട്ട് മഹോത്സവവും നടക്കും.
അപേക്ഷാ ഫോറം വിതരണം
തൊടുപുഴ. വണ്ണപ്പുറം പഞ്ചായത്തിലെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ അപേക്ഷാ ഫോറങ്ങൾ ബന്ധപ്പെട്ട ഓഫീസുളിൽ നിന്നും,പഞ്ചായത്തിലെ എല്ലാ അംഗൻവാടികൾ എന്നിവിടങ്ങളിൽ നിന്നും വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 28.
പഠനോത്സവം ഉദ്ഘാടനം നാളെ
കരിമണ്ണൂർ: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും നടക്കുന്ന പഠനോത്സവത്തിനോടനുബന്ധിച്ച് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിക്കുന്ന പഠനോത്സവം 2019ന്റെ ഉദ്ഘാടനം 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9ന് നടക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പഠനോത്സവം 2019 കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ,വിദ്യാഭ്യാസ അധികൃതർ, മാനേജ്‌മെന്റ് പ്രതിനിധികൾ, പൂർവ്വഅദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കരിമണ്ണൂർ സെന്റ് ജോസഫ്സിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന സംസ്ഥാന ജില്ലാതലങ്ങളിൽ സമ്മാനാർഹമായ കലാപരിപാടികളും ശാസ്ത്രപ്രദർശനവും പ്രദർശന ഫുട്‌ബാൾ മത്സരവും നടക്കും. ഫെബ്രുവരി 6, 7, 8 തീയതികളിൽ മുഴുവൻ വിദ്യാർത്ഥികളും ഒത്തുചേർന്ന് ക്ലാസ് തല പഠനോത്സവവും കാഴ്ചവയ്ക്കും. സ്‌കൂൾ മാനേജർ ഫാ. ജോൺ ഇലഞ്ഞേടത്ത് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് പ്രിൻസിപ്പൽ ജോർജ് ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ് നന്ദിയും പറയും.
ത്രിദിന യൂത്ത് ലീഡർഷിപ്പ് ക്യാമ്പ്
തൊടുപുഴ: നെഹ്റു യുവകേന്ദ്രയുംസോക്കർ സ്‌കൂളും സംയുക്തമായി ത്രിദിന യൂത്ത് ലീഡർഷിപ്പ് ക്യാമ്പും കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പരിശീലനവും നടത്തുന്നു. ക്യാമ്പിന്റേയും പരിശീലനത്തിന്റേയും ഉദ്ഘാടനം വെങ്ങല്ലൂർ ചാഴികാട്ട് രാജപ്പൻ മെമ്മോറിയൽ ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം 4.30ന് മുൻ ഇന്ത്യൻവോളിബാൾ ടീം ക്യാപ്‌റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് നിർവഹിക്കും. പുതുതായി നിർമിച്ച വോളിബാൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും ടോം ജോസഫ് നിർവഹിക്കും. 26ന് രാവിലെ ദ്രോണാചാര്യ കെ.പി.തോമസ് റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യും. എം.പി.ജോയ്സ് ജോർജ്, എം.എൽ.എ. പി.ജെ.ജോസഫ് എന്നിവർ സംസാരിക്കും. തിരഞ്ഞെടുക്കപ്പെട്ട 40പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 27ന് ക്യാമ്പ് സമാപിക്കും.
ഹിന്ദി അദ്ധ്യാപക ഒഴിവ്
തൊടുപുഴ : വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 28 ന് രാവിലെ 10.30 ന് നടക്കുന്ന ഇർവ്യൂവിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.