തൊടുപുഴ: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രളയാനന്തര നടപടികളിലും സംസ്ഥാന ജീവനക്കാർ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമായിരുന്നുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജോയിൻ കൗൺസിൽ ഇടുക്കി ജില്ലാ ആസ്ഥാനമന്ദിരം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയകാലഘട്ടത്തിലെ കാര്യക്ഷമമായ ഇടപെടലുകളും തുടർന്ന് നവ കേരള നിർമ്മാണ പ്രവർത്തനങ്ങളിലും ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയായിരുന്നു. സാലറിചലഞ്ച് ഏറ്റെടുത്ത 85 ശതമാനം ജീവനക്കാരും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയതിലൂടെ ത്യാഗസന്നദ്ധതയുടെ ഒരുപുത്തൻ കാഴ്ചപ്പാടാണ് മുന്നോട്ട് വച്ചത്. ഈ കുറഞ്ഞ കാലയളവ് കൊണ്ട് ഒരു ലക്ഷത്തിൽപരം പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപനങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. കേന്ദ്ര ഭരണക്കാർ നടത്തുന്ന തൊഴിലാളി വിരുദ്ധ നയങ്ങളും കോർപ്പറേറ്റ് വൽക്കരണിത്തിന് ആക്കം കൂട്ടുന്ന പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരായ പോരാട്ടങ്ങളിലും രാജ്യത്തെ തൊഴിലാളി സംഘടനകളോടൊപ്പം തോളോടുതോൾ ചേർന്നുള്ള സമരമുഖങ്ങൾ തീർക്കുവാൻ സംസ്ഥാന ജീവനക്കാർക്കും അതിന് നേതൃത്വം നൽകുവാൻ ജോയിന്റ് കൗൺസിലിനും കഴിയുന്നു എന്നത് അഭിമാനകരമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് ലൈബ്രറിയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും, എം.എൻ.വി.ജി. അടിയോടിയുടെ ഫോട്ടോ അനാച്ഛാദനം ഇ.എസ്. ബിജിമോൾ എം.എൽ.എയും, ജോയിന്റ് കൗൺസിൽ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായരും നിർവ്വഹിച്ചു.
കിസാൻസഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ്, എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, സി.പി.ഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി.പി. ജോയി, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ സ്വാഗതവും, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. രാഗേഷ് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി നടന്ന വിളംബരറാലിയിൽ നൂറുകണക്കിന് ജീവനക്കാർ അണിനിരന്നു.