hotel
ഫുഡ് സേ്ര്രഫി അസിസ്റ്റന്റ് കമ്മീഷണർ ബെന്നി ജോസഫ്, ഫുഡ് സേഫ്റ്റ് ഓഫീസർ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴയിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു

തൊടുപുഴ: തൊടുപുഴയിലും കട്ടപ്പനയിലും ഹോട്ടൽ, ഫാസ്റ്റഫുഡ് കടകൾ, റസ്റ്റോറന്റ്കൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി.

അസിസ്റ്റന്റ് കമ്മീഷണർ ബെന്നി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാത്രി തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയ 3 ഭക്ഷണശാലകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 6 സ്ഥാപനങ്ങളിൽ നിന്ന് 28,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പാചകം ചെയ്തതും ചെയ്യാത്തതുമായ ആഹാര സാധനങ്ങൾ , മത്സ്യം, മാസം, പച്ചക്കറികൾ ആഹാരസാധനങ്ങൾ മുതലായവ ശരിയായ താപനിലയില്ലാതെ ഫ്രീസറിൽ അലക്ഷ്യമായി ഇടകലർത്തി സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആഹാര സാധനങ്ങൾ ഇങ്ങനെ സൂക്ഷിച്ചു വച്ചാൽ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ക്രമക്കേട് കണ്ടെത്തിയ മുഴുവൻ ഭക്ഷണ സാധനങ്ങളും നശിപ്പിച്ചുകളയുകയും ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ആഹാരസാധനങ്ങളിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും അജിനോമോട്ടോയും ഉപയോഗിക്കുന്നതിനും പിഴ ഈടാക്കി. കട്ടപ്പനയിലെ പരിശോധന ഇന്നലെ രാത്രി വൈകിയും തുടർന്നു. വരും ദിവസങ്ങളിൽ ജില്ലയുടെ മുഴുവൻ പ്രദേശങ്ങളിലും പരിശോധന നടത്തുമെന്നും നിയമപരമായ ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. അതേസമയം ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ പേരും വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയിൽ നാട്ടുകാർക്ക് ഇടയിലും പ്രതിഷേധമുയരുകയാണ്. ആഹാരത്തിൽ മായം ചേർത്തും മാരകമായ വിഷം കലർത്തിയും ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പേര് പരസ്യപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.