തൊടുപുഴ: തൊടുപുഴ നഗരസഭാദ്ധ്യക്ഷ മിനി മധുവിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബി.ജെ.പിയുടെ പിന്തുണയോടെ പാസാകാൻ സാധ്യത. രാവിലെ 11ന് നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ റാം മോഹൻ റോയിയുടെ അദ്ധ്യക്ഷതയിൽ പ്രമേയം ചർച്ചക്ക് എടുക്കും. തുടർന്ന് നടക്കുന്ന വോട്ടെടുപ്പിൽ ബി.ജെ.പി അംഗങ്ങൾ സ്വന്തം നിലയിൽ പ്രമെയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് സൂചന. 35 അംഗ കൗൺസിലിൽ യു.ഡി.എഫ് -14, എൽ.ഡി.എഫ് -13, ബി.ജെ.പി - 8 എന്നതാണ് കക്ഷിനില.
ഭരണസമിതിയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എതിർചേരിയില ഒരംഗത്തിന്റെ കൈപ്പിഴവിൽ ആറ് മാസം മുമ്പ് ഇടതുമുന്നണിക്ക് വീണുകിട്ടിയ അദ്ധ്യക്ഷ സ്ഥാനമാണ് ഇന്ന് തൃശങ്കുവിലായിരിക്കുന്നത്. 18 വർഷത്തിന് ശേഷമാണ് തൊടുപുഴ നഗരസഭയുടെ അദ്ധ്യക്ഷപദവിയിൽ ഇടതുമുന്നണി എത്തിയത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഒറ്റക്ക് ഭൂരിപക്ഷം കരസ്ഥമാക്കിയ യു.ഡി.എഫിലെ ധാരണപ്രകാരം ആദ്യത്തെ രണ്ട് വർഷം മുസ്ലീം ലീഗിനും അടുത്ത രണ്ടുവർഷം കോൺഗ്രസിനും അവസാനത്തെ ഒരു വർഷം കേരളകോൺഗ്രസിനും അദ്ധ്യക്ഷ പദവി വീതം വച്ചിരുന്നു. ഇതനുസരിച്ച് മുസ്ലീം ലീഗിന്റെ സഫിയ ജബാർ ആദ്യ ഊഴം പൂർത്തിയാക്കി രാജിവച്ച ഒഴിവിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ യു.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. ഇതേത്തുടർന്ന് പതിമൂന്ന് വീതം വോട്ടുനേടിയ യു.ഡി.എഫ്. - എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പേര് നറുക്കിട്ടു. ഭാഗ്യം തുണച്ചത് ഇടതുമുന്നണിയുടെ മിനി മധുവിനെയായിരുന്നു. എതിർസ്ഥാനാർത്ഥി ജസി ആന്റണിയുടെ ഊഴമാണ് അന്ന് നഷ്ടപ്പെട്ടത്.
നേരത്തെ നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ നാല് സ്ഥാനങ്ങൾ കൈവശപ്പെടുത്തിയിരുന്ന ഇടതുമുന്നണിക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ ചെയർപേഴ്സൺ പദവി അസുലഭ ഭാഗ്യമായി കരുതിയിരിക്കുമ്പോഴാണ് അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.
ആകെ അംഗങ്ങളിൽ പകുയിലധികം പേർ പിന്തുണച്ചാൽ മാത്രമെ അവിശ്വാസ പ്രമേയം പാസാവുകയുള്ളു. അങ്ങനെയാകുമ്പോൾ പ്രമേയം പാസാകൻ18 പേരുടെ പിന്തുണ വേണം. അതുകൊണ്ടുതന്നെ 14 അംഗങ്ങൾ മാത്രമുള്ള യു.ഡി.എഫും, 8 അംഗങ്ങളുള്ള ബി.ജെ.പി യും തങ്ങൾക്കൊരു ബാധ്യതയാകില്ലെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രതീക്ഷ. ആകെ അംഗങ്ങളിൽ മൂന്നിൽ ഒന്ന് പേർ ഒപ്പിട്ടെങ്കിൽ മാത്രമെ അവശ്വാസം അവതരിപ്പിക്കാൻ കഴിയു. അതുകൊണ്ട് 8 അംഗങ്ങളുള്ള ബി.ജെ.പി ക്ക് സ്വന്തം നിലയിൽ ഒരിക്കലും അവിശ്വാസപ്രമേയം കൊണ്ടുവരാനുമാവില്ല. ഇവർ തമ്മിൽ യോജിച്ചൊരു നീക്കമുണ്ടാകുമെന്ന് ആരും തീരെ പ്രതീക്ഷിച്ചുമില്ല. അപ്രതീക്ഷിതമായി വന്ന മുന്നേറ്റം പൊളിക്കാൻ പലശ്രമങ്ങളും ഇടതുമുന്നണിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തു. അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. ഇനിയിപ്പോൾ ഗോദയിൽ നേരിടുകയല്ലാതെ ഇടതുമുന്നണിക്കും വേറെ വഴിയില്ലാതായി. അദ്ധ്യക്ഷക്ക് എതിരെ അവിശ്വാസം കൊണ്ടുവരാൻ മുൻകൈ എടുത്തത് മുസ്ലീം ലീഗ് ആണെന്നും അവർ ബി.ജെ.പിയുമായി ചേർന്ന് പ്രമേയം പാസാക്കുകയാണെങ്കിൽ ആ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇരയായി പുറത്തുപോകാൻ തയ്യാറാണെന്നുമാണ് ഇടതുമുന്നണിയുടെ നിലപാട്. അതേസമയം തങ്ങൾ ബി.ജെ.പിയുമായി ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്ന് ആവർത്തിച്ചുപറയുന്ന യു.ഡി.എഫ് ഇന്ന് അവിശ്വാസപ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടക്കുമ്പോൾ ഇടതുപാളയത്തിൽ വിള്ളലുണ്ടാകുമെന്ന് പരസ്യമായി അവകാശപ്പെടുകയും ചെയ്തു.
ഇന്നത്തെ യോഗത്തിന്റെ അറിയിപ്പ് സംബന്ധിച്ച നോട്ടീസ് കൈപ്പറ്റേണ്ടതില്ലെന്നായിരുന്നു ഇടതുമുന്നണി കൗൺസിലർമാർക്ക് നൽകിയ നിർദ്ദേശം. ഇത് മറികടന്ന് ഒരംഗം നോട്ടീസ് കൈപ്പറ്റിയതും അട്ടിമറി അവകാശവാദത്തിനുള്ള തെളിവായി യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ അവകാശവാദം യു.ഡി.എഫ് ന്റെ വ്യാമോഹം മാത്രമാണെന്നാണ് ഇടതുമുന്നണി പ്രതികരണം. അതിനിടെ ബി.ജെ.പി പാർലമെന്ററി പാർട്ടിയോഗം ഇന്നലെ വൈകിട്ട് ചേർന്ന് ഇന്നത്തേക്കുള്ള തന്ത്രം മെനഞ്ഞിട്ടുമുണ്ട്. തീരുമാനം വെളിപ്പെടുത്തിയില്ലെങ്കിലും അവിശ്വാസപ്രമേയം പാസാകേണ്ടത് രാഷ്ട്രീയമായി തങ്ങളുടേയും ആവശ്യമായി കരുതുന്ന ബി.ജെ.പി മറിച്ചൊരു നിലപാട് സ്വീകരിക്കില്ലെന്നാണ് സൂചന.