ചെറുതോണി: ആൽപ്പാറയ്ക്ക് സമീപം കൃഷിഭൂമി കൈയേറി ജണ്ടയിട്ട് തിരിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അരനൂറ്റാണ്ടിലേറെയായി കുടിയേറി കൃഷിചെയ്ത് വരുന്ന 50 കർഷകരുടെ 200 ഏക്കറോളം ഭൂമിയാണ് വനംവകുപ്പ് ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. അധികൃതരുടെ നടപടിക്കെതിരെ അക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കർഷകർ. കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട ചേലച്ചുവടിന് സമീപമാണ് ആൽപ്പാറ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ഇവിടത്തെ കർഷകർ കൃഷി സംരക്ഷിക്കുന്നത്. കൈവശഭൂമിക്ക് പട്ടയം ലഭിക്കാനായി അപേക്ഷ നൽകിയിട്ട് കാലങ്ങളായി. വനം- റവന്യൂ വകുപ്പുകളുടെ ജോയിന്റ് വേരിഫിക്കേഷൻ നടക്കാത്തതിനാൽ പട്ടയ നടപടികൾ എങ്ങും എത്തിയില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വനഭൂമിയുടെ അതിർത്തി തിരിക്കാനെത്തിയ ഉദ്യോഗസ്ഥർ കർഷകരുടെ കൈവശഭൂമി കുറ്റി അടിച്ച് കൈവശപ്പെടുത്തിയത്. ഒമ്പത് പേരുടെ പുരയിടത്തിൽ ഇതിനോടകം കുറ്റി വച്ച് അതിർത്തി തിരിച്ചുകഴിഞ്ഞു. ജോഷി കല്ലാശേരി, ജോസ് കീച്ചറയിൽ, മനോജ് പുത്തൻപുരയ്ക്കൽ, അനിൽ കല്ലാനിക്കാട്ട്, ജോസ് കൊച്ചുമലയിൽ, വക്കച്ചൻ വയലിൽ, ബേബി മീമ്പള്ളിൽ, ലാലച്ചൻ പനച്ചിക്കൽ, ജോസ് തെക്കേവയലിൽ എന്നിവരുടെ ഭൂമിയാണ് ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയത്. ഇതിനെതിരെ ആക്ഷൻ കൗൺസിലും കർഷകരും വനംമന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. കഴിഞ്ഞ അര നൂറ്റാണ്ടിലധികം വിയർപ്പൊഴുക്കിയ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നാണ് കർഷകരുടെ നിലപാട്. വഴി സൗകര്യവും വൈദ്യുതിയും ലഭ്യമല്ലാത്തതിനാൽ പലരും ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് താമസം മാറ്റിയിരുന്നു. കായ്ഫലമുള്ള ജാതി, കൊക്കോ, പ്ളാവ്, കമുക്, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ ഇവിടെയുണ്ട്. പരാതിയിൽ നടപടിയുണ്ടാകാത്തപക്ഷം ശക്തമായ സമരങ്ങളുമായി തെരുവിലിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.