shafi
മുഹമ്മദ് ഷാഫി

തൊടുപുഴ: തൊടുപുഴ- തിരുവനന്തപുരം 210 കി.മീ. ദൂരം രണ്ടര മണിക്കൂറിൽ പിന്നിട്ട് അത്യാസന്നനിലയിലുള്ളരോഗിയെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ വക അനുമോദന പ്രവാഹം.

തൊടുപുഴ യൂണിറ്റി ആംബുലൻസ് സർവീസിലെ താൽക്കാലിക ഡ്രൈവർ മുഹമ്മദ് ഷാഫിയാണ് ഇടവെട്ടി സ്വദേശി പ്രിൻസിനെ (34) ശരവേഗത്തിൽ തിരുവനന്തപുരത്തെത്തിച്ചത്.
വൃക്കയും കരളും തകരാറിലായി വയറ്റിൽ വെള്ളം കെട്ടിനിന്ന് ശ്വാസം മുട്ടുന്ന അവസ്ഥയായിരുന്നു പ്രിൻസ്. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞ യുവാവിന്റെ അടുത്ത ഓപ്പറേഷന് ശ്രീ ചിത്രയിൽ ഒന്നാം തിയതി ഊഴം നിശ്ചയിച്ച് ഇടവെട്ടിയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. അതിനിടെ രോഗിയുടെ നിലവഷളായി. മുതലക്കോടം ആശുപത്രി ഐ സി യുവിൽ പ്രവേശിപ്പിച്ച് വയറിലെ വെള്ളം നീക്കം ചെയ്‌തെങ്കിലും ബുധനാഴ്ച വൈകിട്ടോടെ അത്യാസന്ന നിലയിൽ ആയതിനാൽ എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു.
ആംബുലൻസുമായി മുതലക്കോടം ആശുപത്രിയിലെത്തിയ മുഹമ്മദ് ഷാഫി തൊടുപുഴ എസ്.ഐ വി.എസ്. വിഷ്ണുകുമാറിനെ വിവരം അറിയിച്ചു. ഒപ്പം രോഗിയുമായി തിരുവനന്തപുരത്തേക്ക് കുതിക്കുന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. 5 മണിയോടെ മുതലക്കോടത്ത് നിന്നും ആംബുലൻസ് ശരവേഗത്തിൽ പാഞ്ഞു. തൊടുപുഴ പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശമെത്തി. വയർലസ് മുഖേന സന്ദേശം കൈമാറിയതോടെ ഏറ്റവും തിരക്കുള്ള നിരത്തുകളിലെല്ലാം പൊലീസ് ട്രാഫിക് സിഗ്നൽ ഓഫാക്കി ആംബുലൻസിന് വഴി തെളിച്ചു. 5.40ന്‌ കോട്ടയത്ത് എത്തിയപ്പോഴേക്കും പ്രിൻസ് രക്തം ഛർദ്ദിച്ചു. പെട്ടെന്ന് തന്നെ മെഡിക്കൽ കോളജിൽ കയറ്റി അടിയന്തിര ചികിൽസ നൽകി. 6.30ന് അവിടെ നിന്നും തിരിച്ച് 8.20ന് തിരുവനന്തപുരത്തെ ലക്ഷ്യത്തിലെത്തിച്ചു. കൊട്ടാരക്കരയിൽ നിന്നും മറ്റ് രണ്ട് ആംബുലൻസുകൾ തിരുവനന്തപുരം വരെ ഈ വാഹനത്തിന് മുന്നിലും പിന്നിലുമായി സഞ്ചരിച്ചു. അടിയന്തിര ചികിത്സ കിട്ടിയതോടെ പ്രിൻസിന്റെ സ്ഥിതി ഇന്നലെ അൽപ്പം മെച്ചപ്പെട്ടു. നഷ്ടപ്പെട്ടിരുന്ന ഓർമ്മ ശക്തി തിരിച്ചുകിട്ടി. തൊടുപുഴ കെ.കെ.ആർ ജംഗ്ഷനിൽ 'ഫേസ് ലുക്ക് ജെന്റ്സ് ബ്യൂട്ടി പാർലർ' നടത്തുന്ന മുഹമ്മദ് ഷാഫി (32) ഇടവേളകളിൽ സാമൂഹ്യ സേവനത്തിന്റെ ഭാഗമായാണ് ആംബുലൻസ് സാരഥിയാകുന്നത്. എന്തായാലും ഇതുവരെ സത്യത്തിൽ ആരും തിരിച്ചറിയാതിരുന്ന ഷാഫി തൊടുപുഴയിലെ സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ താരമായിരിക്കുകയാണ്.