ഇടുക്കി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തിനൊപ്പം ഇടുക്കി ജില്ലയ്ക്ക് ഇത് 47ാം ജന്മദിനം.

1972 ജനുവരി 26 നാണ് കേരളത്തിന്റെ 11ാമത്തെ ജില്ലയായി ഇടുക്കി രൂപീകൃതമാകുന്നത്. നീണ്ടയിടവേളയ്ക്ക് ശേഷം സ്വന്തം ജില്ലക്കാരായ മന്ത്രിയും കളക്ടറും റിപ്പബ്ലിക് ദിനപരേഡിൽ അഭിവാദ്യം സ്വകരിക്കുമെന്നതാണ് ഈ ജന്മദിനത്തിലെ മുഖ്യ ആകർഷണീയത. മന്ത്രി എം.എം മണിയും കളക്ടർ കെ.ജീവൻ ബാബുവുമാണ് ആ ഭാഗ്യതാരങ്ങൾ. ഇടുക്കിക്കാരായ കളക്ടറും മന്ത്രിയും റിപ്പബ്ലിക് ദിനത്തിൽ അഭിവാദ്യം സ്വീകരിക്കുന്നത് ജില്ലയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ്. 1998 - 2000 കാലയളവിൽ പി.ജെ ജോസഫ് മന്ത്രിയും പൂമാല നാളിയാനി സ്വദേശി വി.ആർ പദ്മനാഭൻ കളക്ടറുമായിരുന്നു.

തൊടുപുഴ മണക്കാട് സ്വദേശിയായ കെ. ജീവൻ ബാബു കളക്ടറായി ചുമതലയേൽക്കുന്നത് 2018 ജൂലായ് 11 നാണ്. ചെറുപ്പത്തിന്റെ ചുറുചുറുക്കും ജന്മനാടിന്റെ വികസനകാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുകളുമുള്ല സ്വന്തം കളക്ടറെ കിട്ടിയതിന്റെ സ്വകാര്യ അഹങ്കാരവും നാൽപ്പത്തിയേഴിൽ എത്തിനിൽക്കുന്ന ഇടുക്കിക്കുണ്ട്. രാജ്യത്തെ ഏതുവികസിത പ്രദേശത്തോടും കിടപിടിക്കുന്ന വിധത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ജില്ല മുന്നേറുകയാണ്. ഭൂമിശാസ്ത്രപരമായ പരിമിതികളെ ആധുനിക കാലത്തെ സാങ്കേതിക വിദ്യയിലൂടെയാണ് ഭരണകൂടം മറികടന്നത്. എല്ലാ റവന്യു ഓഫീസുകളേയും ഹൈ-ടെക് സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ തീരുമാനങ്ങൾ എടുക്കുന്ന പ്രവൃത്തിയും വേഗത്തിലാക്കി. സംസ്ഥാനത്ത് തന്നെ ഒരു ജില്ല ഇത്തരത്തിൽ സജ്ജമാകുന്നത് ആദ്യമാണ്. മറ്റു ജില്ലകളും ഈ സംവിധാനത്തിലേക്ക് മാറുന്നതിന് സർക്കാർ നിർദേശിച്ചിരിക്കുകയാണ്.

കോടമഞ്ഞും, നീലക്കുറിഞ്ഞിയും, വരയാടും, കടുവയും, കാട്ടാനക്കൂട്ടങ്ങളും, മൂന്നാറും, മറയൂരും,പെരിയാറും, പാമ്പാറും, ചിന്നാറും, വാഗമണ്ണും, തേക്കടിയും, രാമക്കൽമേടുമൊക്കെ ചേർന്ന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിനോദസഞ്ചാരകേന്ദ്രങ്ങളെ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനായതും ജില്ല ഭരണകൂടത്തിന്റെ എണ്ണിപ്പറയാവുന്ന നേട്ടങ്ങളാണ്. നിലവിലുള്ളതും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ വിവിധ റോഡ് ശൃംഖലകൾ ടൂറിസം വികസനത്തിന് വലിയ കുതിപ്പാണ് നൽകിയത്. ഈ റോഡുകൾ പൂർത്തിയാകുന്നതോടെ ഏറ്റവും അധികം ദേശീയ പാതകളുള്ള ജില്ലയായി ഇടുക്കി മാറും. ജില്ലയിലെ കാർഷിക മേഖലയും പുത്തനുണർവിന്റെ പാതിയിലാണ്. ലോകപ്രശസ്തമായ മറയൂർ ശർക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചു. പുൽത്തൈലം ഭൗസൂചിക പദവിയുടെ അടുത്തെത്തി നിൽക്കുന്നു.

കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് ഇടുക്കിയിലാണ്. കൂടുതൽ വൈദ്യുതി ഉൽപ്പാദനത്തിനായി മറ്റൊരു നിലയം കൂടി സ്ഥാപിക്കാനുള്ള നടപടികളിലാണ്. പ്രളയം വലിയ നാശമാണ് പെട്ടെന്ന് വിതച്ചതെങ്കിലും അതിൽ പകച്ചുനിൽക്കാതെ അതിജീവനം വേഗത്തിലായത് മലയോര ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ തെളിവായി. പ്രളയത്തിൽ തകർന്ന റോഡ് ശൃംഖല പുനർനിർമിക്കുന്നതിനും രാജ്യാന്തര നിലവാരത്തിലുള്ള നാലു റോഡുകളുടെ നിർമാണം ഉൾപ്പെടെ ആധുനിക ഗതാഗതസൗകര്യം ഒരുക്കുന്നതിനും 2947 കോടി രൂപയാണ് സർക്കാർ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. പ്രളയ പുന:നിർമിതിക്കായി ഇതുവരെ 29.83 കോടി രൂപയുടെ ധനസാഹയംം വിതരണം ചെയ്തു. വീട് നഷ്ടപ്പെട്ടവർക്ക് 18.49 കോടി രൂപയും കെയർഹോം പദ്ധതിപ്രകാരം വീട് നിർമാണത്തിന് 99.38 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് 67 ലക്ഷം രൂപയും കൃഷി വകുപ്പ് 9.67 കോടി രൂപയും വിതരണം ചെയ്തു. വികസനകാര്യത്തിലും വളർച്ചയിലും ഇനിയും പ്രതീക്ഷിക്കാൻ ഏറെയുണ്ടെന്നതാണ് ഈ ജന്മദിനാഘോഷത്തിന്റെ സന്ദേശം.