കുടയത്തൂർ: സരസ്വതി വിദ്യാനികേതനിലെ ശിശുവാടിക വിഭാഗം (എൽ കെ ജി, യുകെ ജി )ഒരുക്കിയ "ഫ്രൂട്ട്സ് ഡേ " ശ്രദ്ധേയമായി. വിവിധ തരം പഴവർഗങ്ങൾ പരിചയപ്പെടാനും അവയുടെ രുചിയറിയാനും വിദ്യാർത്ഥികൾക്ക് ലഭിച്ച അവസരമായിരുന്നു പരിപാടി. ശിശുവാടിക വിഭാഗത്തിലെ വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സഹായത്തോടെ സമാഹരിച്ച 88 ഇനം പഴവർഗങ്ങളാണ് സ്കൂളിൽ പ്രദർശിപ്പിച്ചത്. ഇതിൽ 15 ഓളം പഴവർഗങ്ങൾ അപൂർവ ഇനത്തിൽപ്പെട്ടവയായിരുന്നു. പരിചയമില്ലാത്ത പഴങ്ങളെ അടുത്ത് കണ്ടപ്പോൾ കുരുന്നുകൾക്ക് ആശ്ചര്യമായി. സന്തോൾ, ക്രാൻബെറി, ക്ലസ്റ്റർ ലെമൺ, ബ്ലാക്ക് പ്ലം, നോനി, അഫ്ഗാൻ അത്തി, ബൽവെറ്റ് ആപ്പിൾ, മുള്ളൻ ആത്ത, മിറക്കിൾ ഫ്രൂട്ട്, ബറാബ ചൈനീസ് ലെമൺ, ഒലിവ്, ഇളന്ത പഴം, കാട്ടീന്തൽ തുടങ്ങി 88 ഇനത്തിൽപ്പെട്ട പഴങ്ങൾ കുട്ടികൾതന്നെ പ്രദർശനത്തിന് എത്തിച്ചു. പഴവർഗങ്ങളെ പരിചയപ്പെടുവാൻ രക്ഷിതാക്കളും സ്കൂളിൽ എത്തിയിരുന്നു. പ്രദർശനത്തിനു ശേഷം അവ സലാഡാക്കി കുട്ടികൾക്ക് വിതരണം നടത്തി. കുട്ടികളിൽ അമിതമായി കണ്ടുവരുന്ന ബേക്കറി ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കുന്നതിനും പ്രകൃതിദത്ത ഭക്ഷണ ശീലത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുമാണ് ഫ്രൂട്ട്സ് ഡേ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ജനം ടി.വി.ഡയറക്ടർ ബോർഡ് അംഗം മേജർ ഡോ: ലാൽ കൃഷ്ണ നിർവഹിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എൻ.അനിൽ ബാബു, പ്രിൻസിപ്പൽ അനിൽ മോഹൻ, മനേജർ എ. ശങ്കരപ്പിള്ള എന്നിവർ സംസാരിച്ചു.