തൊടുപുഴ : അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് സി.പി.എമ്മിനെതിരായ രാഷ്ട്രീയ നിലപാടിന്റെ ഭാഗം മാത്രമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്നും ബി.ജെ. പി. ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, ജനറൽ സെക്രട്ടറി കെ. എസ്. അജി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

വിശ്വാസങ്ങളേയും ആചാരങ്ങളേയും നിക്ഷേധിക്കുകയും, അടിയന്തിരാവസ്ഥയെപ്പോലും വെല്ലുന്നരീതിയിൽ പൊലീസ് രാജ് നടപ്പിലാക്കി എഴുപതിനായിരത്തിലധികം ആളുകൾക്കെതിരെ കള്ളക്കേസുകൾ എടുക്കുകയും, പതിനായിരക്കണക്കിന് അയ്യപ്പഭക്തരേയും വിശ്വാസികളേയും ജയിലിലടയ്ക്കുകയും ചെയ്ത മാർക്‌സിസ്റ്റ് പാർട്ടിക്കെതിരെ നടത്തുന്ന രാഷ്ട്രീയ സമരത്തിന്റെ ഭാഗമാണ് തൊടുപുഴയിലെ നടപടി.

കഴിഞ്ഞ ആറുമാസമായി നഗരസഭയിൽ നടന്നിരുന്നത് സി പി എം ന്റെ സെൽ ഭരണമായിരുന്നു. ഇടതുപക്ഷത്തിലെ കൗൺസിലർമാർക്കുപോലും ഇതിൽ പ്രതിക്ഷേധമുണ്ട്. അതിന്റെ ഭാഗമായാണ് അവരുടെ മുഴുവൻ അംഗങ്ങളും അവിശ്വാസചർച്ചയിൽ പങ്കെടുക്കാതിരുന്നത്. ഒരു കൗൺസിലർ വിട്ടുനിന്നതും അതെചൊല്ലി മറ്റുള്ളവർ വോട്ടെടുപ്പ് ബഹിഷ്കരിച്ചതും ഇടതുമുന്നണിയിലെ പടലപ്പിണക്കത്തിന്റെ സൂചനയാണ്. യു. ഡി.എഫും ഇതിൽനിന്നും ഒട്ടും വ്യത്യസ്ഥരല്ല. ഇടതുപക്ഷവും വലതുപക്ഷവും കള്ളനാണയത്തിന്റെ രണ്ടു വശങ്ങളാണ്. അതുകൊണ്ടുതന്നെ ഇനി നടക്കുന്ന ചെയർപേഴ്‌സൺ തിരെഞ്ഞെടുപ്പിൽ ബി.ജെ.പി ആരെയും പിന്തുണയ്ക്കില്ല. എന്തെങ്കിലും സ്ഥാനമാനങ്ങൾക്കൊ സ്വാർത്ഥലാഭങ്ങൾക്കൊ വേണ്ടി നയങ്ങളിൽ വെള്ളംചേർക്കുന്ന നിലപാടുകൾ പീർട്ടി സ്വീകരിക്കില്ല.
തൊടുപുഴ നഗരസഭയിൽ ഇടതുപക്ഷം കൈവശം വച്ചിരിക്കുന്ന മുഴുവൻ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങളും ബി.ജെ. പിയുടെ വോട്ടുകൊണ്ട് നേടിയതാണെന്ന കാര്യം സി.പി.എം മറക്കരുത്. 13 അംഗങ്ങളുള്ള ഇടതുപക്ഷത്തിന് സ്റ്റാന്റിംഗ് കമ്മറ്റി തിരെഞ്ഞെടുപ്പിൽ 21വോട്ട് കിട്ടിയത് ബി.ജെ.പി യുടെ 8 പിന്തുണയോടെയാണ്. ഇടതുപക്ഷത്തിന് നട്ടെല്ലുണ്ടങ്കിൽ ബിജെപി സഹായത്തോടെ നേടിയ സ്ഥാനങ്ങൾ രാജിവയ്ക്കുകയാണ്‌ വേണ്ടതെന്നും നേതാക്കൾ പറഞ്ഞു.