തൊടുപുഴ: യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെ തൊടുപുഴ നഗരസഭ അദ്ധ്യക്ഷപദവി ഇടതുമുന്നണിക്ക് നഷ്ടമായി.
ഏഴ് മാസം ചെയർപേഴ്സൺ ആയിരുന്ന മിനി മധുവാണ് 35 അംഗ കൗൺസിലിലെ 22 പേരുടെ അവിശ്വാസത്താൽ പുറത്തായത്. ഇടതുമുന്നണി വോട്ടെടപ്പിൽ നിന്ന് വിട്ടുനിന്നതുകാരണം അദ്ധ്യക്ഷയിൽ എത്രപേർക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് കണ്ടെത്താനുമായില്ല. ഒരുമിനിറ്റ് വൈകിയെത്തിയ വനിത അംഗത്തെ കൗൺസിൽ ഹാളിൽ കയറ്റാതിരുന്നതിൽ പ്രതിഷേധിച്ചാണ് തങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതെന്നായിരുന്നു ഇടതുമുന്നണിയുടെ വിശദീകരണം. നിശ്ചിത സമയം കഴിഞ്ഞപ്പോൾ പോൾ ചെയ്ത വോട്ടുകളുടെ അടിസ്ഥാനത്തിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നഗരകാര്യ റീജിയണൽ ജോ. ഡയറക്ടർ റാം മോഹൻ റോയി അവിശ്വാസപ്രമേയം പാസായതായി പ്റഖ്യാപിച്ചു. രാവിലെ 10:30 ന് തുടങ്ങി ചർച്ചയും വോട്ടെടുപ്പും ഉച്ചക്ക് 2നാണ് അവസാനിച്ചത്. വാശിയേറിയ വാഗ്പോരുകളും അവകാശവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞ ചർച്ച മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.
തൊടുപുഴ നഗരസഭയിൽ 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂൺ 18 നാണ് ഇടതുമുന്നണിക്ക് ഭരണസാരഥ്യം കൈവന്നത്. 14 അംഗങ്ങളുള്ള യു.ഡി.എഫിനെ പ്രതിപക്ഷത്തിരുത്തിയാണ് 13 അംഗങ്ങളുടെ മാത്രം പിന്തണയുള്ള ഇടതുമുന്നണി നാടകീയമായി അധികാരത്തിലെത്തിയത്. 35 അംഗ കൗൺസിലിൽ എൽ.ഡി.എഫ് 13- യു.ഡി.എഫ് -14, ബി.ജെ.പി - 8 എന്നാണ് ഇത്തവണത്തെ കക്ഷിനില. പൊതുതിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ മുന്നണി എന്നനിലയിൽ ആദ്യം ഭരണത്തിലെത്തിയത് യു.ഡി.എഫ് ആയിരുന്നു. മുന്നണി ധാരണയനുസരിച്ച് മുസ്ലീം ലീഗ്, കേരളകോൺഗ്രസ്, കോൺഗ്രസ് കക്ഷികൾ അദ്ധ്യക്ഷപദവി വീതം വച്ചാണ് ഭരണം തുടങ്ങിയത്. ഇതനുസരിച്ച് ആദ്യ ഊഴം പൂർത്തിയാക്കിയ മുസ്ലീം ലീഗിലെ സഫിയ ജബ്ബാർ രാജിവച്ച ഒഴിവിൽ പുതിയ സാരഥിയെ തിരഞ്ഞെടുക്കാൻ ജൂൺ 18ന് നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫ് അംഗവും വൈസ് ചെയർമാനുമായിരുന്ന സുധാകരൻ നായർക്ക് പറ്റിയ കൈപ്പിഴയിലാണ് ഭരണം ഇടതുപാളയത്തേക്കെത്തിയത്. അന്നുമുതൽ തങ്ങൾക്കുപറ്റിയ തെറ്റുതിരുത്തി ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് കാത്തിരുന്ന യു.ഡി.എഫ് ആറ് മാസത്തിന് ശേഷം അവിശ്വാസപ്രമേയം അവതരിപ്പിച്ചു. നഗരസഭ ചട്ടങ്ങൾ അനുസരിച്ച് ആകെയുള്ള അംഗങ്ങളുടെ പകുതിയിൽ അധികം വോട്ടുകിട്ടിയാൽ മാത്രമെ അവിശ്വാസം പാസാകുവെങ്കിലും 14 അംഗങ്ങൾ മാത്രമുള്ള യു.ഡി.എഫ് തുടക്കം മുതൽ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഇന്നലെ രാവിലെ അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച തുടങ്ങിയപ്പോൾ തന്നെ എട്ട് അംഗങ്ങളുള്ള ബി.ജെ.പി നിലപാട് വ്യക്തമാക്കിയതോടെ യു.ഡി.എഫ് ക്യാമ്പ് ആഹ്ലാദത്തിലായി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉരുത്തിരിഞ്ഞ രാഷ്ട്രീയ പാശ്ചാത്തലത്തിൽ ഏതുവിധേനയും സി.പി.എം നെ തറപറ്റിക്കാൻ ഊഴം കാത്തിരുന്ന ബി.ജെ.പി ഈ അവസരം മുതലെടുക്കുകയായിരുന്നു. മുന്നണിയൊ കൂട്ടുകെട്ടോ പരിഗണിക്കാതെ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ കണ്ണുമടച്ച് അവർ പിന്തുണച്ചു. അങ്ങനെയാണ് പതിനാലും എട്ടും ചേർന്ന് 22 വോട്ടിന് പ്രമേയം പാസായത്. നഗരസഭ ഭരണത്തിൽ യു.ഡി.എഫുമായുള്ള കൂട്ടുകെട്ടല്ല, മറിച്ച് ശബരിമല വിഷയത്തിൽ ഇടതുമുന്നണിക്കുള്ള പ്രഹരമാണിതെന്ന് ബി.ജെ.പി നേതാക്കൾ തുറന്നുപറയുകയും ചെയ്തു.
എന്നാൽ തങ്ങളെ പരാജയപ്പെടുത്തിയത് കോ- ലി - ബി സഖ്യമാണെന്നായിരുന്നു ഇടതുമുന്നണിയുടെ ആദ്യ പ്രതികരണം. കോൺഗ്രസ്- ലീഗ്- ബി.ജെ.പി സഖ്യത്തിൽ ഭരണം നഷ്ടമായതിൽ വിഷമമില്ലെന്നും ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങളുടെ മുമ്പിൽ തുറന്നുകാട്ടുമെന്നും ഇടതുമുന്നണി നേതാക്കൾ പറഞ്ഞു.
തൊടുപുഴ നഗരസഭയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സൺ പുറത്താകുന്നത്. 2003 ൽ ഇടതുമുന്നണിയുടേയും ബി.ജെ.പിയുടേയും പിന്തുണയിൽ അധികാരത്തിലെത്തിയ കോൺഗ്രസ് വിമതൻ മനോഹർ നടുവിലേടത്തിനെയാണ് യു.ഡി.എഫ് അവിശ്വാസപ്രമേയത്തിലൂടെ സ്ഥാനഭൃഷ്ടനാക്കിയത്.