പിന്തുണ ശബരിമലയുടെ പേരിൽ
ഇടുക്കി: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി യു.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണച്ചതോടെ തൊടുപുഴ നഗരസഭാ ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി. 35 അംഗ കൗൺസിലിലെ 22 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. 13 അംഗങ്ങളുള്ള ഇടതുമുന്നണി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 18 വർഷത്തിന് ശേഷം എൽ.ഡി.എഫിന് നറുക്കിലൂടെ കൈവന്ന അധികാരമാണ് ഏഴു മാസം കഴിഞ്ഞതോടെ നഷ്ടപ്പെട്ടത്. യു.ഡി.എഫ് -14, എൽ.ഡി.എഫ് - 13, ബി.ജെ.പി - 8 എന്നതാണ് കക്ഷിനില.
ഇന്നലെ രാവിലെ പ്രമേയത്തിന്മേൽ ചർച്ച തുടങ്ങിയപ്പോൾ തന്നെ, ശബരിമല തന്നെയാണ് ഇവിടെയും വിഷയമെന്നും നഗരസഭാ അദ്ധ്യക്ഷയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയാണെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് കെ.ഗോപാലകൃഷ്ണൻ വ്യക്തമാക്കി. തുടർന്ന് വോട്ടെടുപ്പിൽ ബി.ജെ.പി യിലെ എട്ടുപേരും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.
അവിശ്വാസപ്രമേയം ചർച്ച തുടങ്ങി ഒരു മിനിട്ട് വൈകി എത്തിയതിന് കൗൺസിലർ സബീന ബിഞ്ചുവിനെ യോഗത്തിൽ പങ്കെടുപ്പിക്കാതിരുന്ന അദ്ധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്.
ആർക്കും ഭൂരിപക്ഷമില്ലാത്ത സഭയിൽ ഒരംഗത്തിന്റെ മുൻതൂക്കമുള്ളത് യു.ഡി.എഫിനാണെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അദ്ധ്യക്ഷപദവി ഇടതുമുന്നണിക്കായിരുന്നു.
അധികാരം വന്നതും പോയതും
യു.ഡി.എഫാണ് ആദ്യം ഭരണം നടത്തിയിരുന്നത്. ആദ്യ രണ്ട് വർഷം അദ്ധ്യക്ഷയായിരുന്ന മുസ്ലിംലീഗിലെ സഫിയ ജബാർ മുൻ ധാരണപ്രകാരം രാജിവച്ചതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് നടന്നപ്പോൾ യു.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. 13 വോട്ടുവീതം നേടിയതോടെ സ്ഥാനാർത്ഥികളുടെ പേര് നറുക്കിട്ടു. ഇടതുമുന്നണിയുടെ മിനി മധു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസാക്കി യു.ഡി.എഫ് അധികാരം ഇപ്പോൾ തിരിച്ചുപിടിക്കുകയും ചെയ്തു.