തൊടുപുഴ : കേന്ദ്രത്തിൽ യുപിഎയും സംസ്ഥാനത്ത്‌ യുഡിഎഫും അധികാരത്തിൽ വന്നാൽ മുഴുവൻ കർഷകരേയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഡി.സി.സി പ്രഡിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ നയിക്കുന്ന കർഷകരക്ഷാ മാർച്ചിന്റെ മുട്ടത്തെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ കൊപ്രാസംഭരണം കൊണ്ടുവന്നത് വൻകിട കർഷകരെ സഹായിക്കാൻ വേണ്ടി മാത്രമായിരുന്നു . ഇത് ചെറുകിട കർഷകർക്ക് വൻ തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് അന്നത്തെ യു ഡി എഫ് സർക്കാർ കേരളത്തിലെ ചെറുകിട തെങ്ങ് കർഷകരെ സംരക്ഷിക്കാൻ പച്ച തേങ്ങാ സംഭരണം നടപ്പിലാക്കിയത്. എല്ലാ കാർഷിക ഉല്പന്നങ്ങൾക്കും വില സ്ഥിരതയും വിള ഇൻഷുറൻസുമുണ്ടാകണമെന്നതാണ് യു.ഡി.എഫ് നയം. കർഷകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വ്യക്തമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണം. കസ്തൂരിരംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകളിലെ ആശങ്ക പരിഹരിക്കാൻ യു ഡി എഫ് സർക്കാരിന് സാധിച്ചു. ഇതെല്ലാം കർഷകരോടുള്ള പ്രതിബദ്ധതയുടെ തെളിവുകളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ഇബ്രാഹിം കുട്ടി കല്ലാർ , കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ മണി , മുൻ ഡി.സി.സി പ്രസിഡന്റുമാരായ റോയി കെ. പൗലോസ് , ജോയ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.