നെടുങ്കണ്ടം: ഡ്രൈവിംഗ് സ്‌കൂളിന് തീപിടിച്ച് 2 ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ രാവിലെ 10നു നെടുങ്കണ്ടം കിഴക്കേകവലക്ക് സമീപം പ്രവർത്തിക്കുന്ന ആരോൺ ഡ്രൈവിങ് സ്‌കൂളിനുള്ളിലാണ് അഗ്നിബാധയുണ്ടായത്. അപകട സമയത്ത് സ്ഥാപനത്തിൽ ആരും ഉണ്ടായിരുന്നില്ല. ഷോർട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി അധികൃതർ സമയോചിതമായി വൈദ്യുതിബന്ധം വിഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി. സ്ഥാപനത്തിലെ കംപ്യൂട്ടറടക്കം ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. കല്ലാർ പൗവത്തിലാത്ത് ഷിന്റോയുടെ ഉടമസ്ഥതയിലുള്ളതാണ് ഡ്രൈവിങ് സ്‌കൂൾ. സമീപത്തെ സ്വകാര്യ കേബിൾ ടിവി ചാനലിലെ ജീവനക്കാരായ ജോബി തോമസും, ജോബിൻ ജോസഫുമാണ് അടച്ചിട്ടിരിക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്നും പുക ഉയരുന്നതു കണ്ടത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് നെടുങ്കണ്ടം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അര മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ലീഡിങ് ഫയർമാൻ അനിൽകുമാർ, ഫയർമാൻമാരായ വിനീത് കലാധരൻ, ശരൺ കുമാർ, എം.ആർ.സന്തോഷ്, എച്ച്ഡബ്ല്യൂമാരായ ദേവസ്യ, രവീന്ദ്രൻ നായർ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.