ഇടുക്കി: രാജ്യത്തിന്റെ 70 മത് റിപ്പബ്ലിക് ദിനം ഇന്ന് ജില്ലയിൽ വിപുലമായി ആഘോഷിക്കും. രാവിലെ 8.30 ന് ജില്ലാ പഞ്ചായത്ത് മൈതാനത്ത് (ഐ.ഡി.എ. ഗ്രൗണ്ട് ) നടക്കുന്ന ദിനാഘോഷത്തിൽ മന്ത്രി എം.എം മണി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് നടക്കുന്ന പരേഡിൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എൻ.സി.സി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്, എസ്.പി.സി, ബാൻഡ് സംഘങ്ങൾ എന്നിവ അണിനിരക്കും. ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് കളക്ടർ കെ. ജീവൻ ബാബു അഭ്യർത്ഥിച്ചു.