വണ്ണപ്പുറം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയെ തകർത്തതായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഡി.സി.സിയുടെ നേതൃത്വത്തിലുള്ള കർഷക രക്ഷായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലമാണ് ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നത്. യു.പി.എ സർക്കാർ 73,000 കോടിയുടെ കാർഷിക വായ്പ എഴുതി തള്ളിയാണ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയെ പിടിച്ചു നിറുത്തിയതെങ്കിൽ ബി.ജെ.പി സർക്കാർ ഒന്നും തന്നെ ചെയ്തില്ല. കോൺഗ്രസ് അധികാരത്തിൽ വന്ന രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം കാർഷിക കടങ്ങൾ എഴുതി തള്ളി. മോദി സർക്കാരും കേരളത്തിൽ പിണറായി സർക്കാരും ഇതിന് തയ്യാറാവണം. പ്രളയ ദുരിത ബാധിതർക്ക് കേന്ദ്ര തിരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്പ് സഹായധനം വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സജി കണ്ണമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനു സ്വീകരണം നൽകി. ജോസഫ് വാഴക്കൻ, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, സി.പി. മാത്യു, അഡ്വ. എസ്. അശോകൻ, പ്രൊഫ. എം.ജെ. ജേക്കബ്, ഇന്ദു സുധാകരൻ, എ.എം. ദേവസ്യ, കെ.പി. വർഗീസ്, പി.എസ്. സിദ്ധാർത്ഥൻ, മുള്ളരിങ്ങാട് മണ്ഡലം പ്രസിഡന്റ് ജിജോ ജോസഫ്, കെ.വി. സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു.