അടിമാലി: ഇരു വൃക്കകളും തകരാറിലായ മാങ്കുളം സ്വദേശി ബൈജുവിന് ആട്ടോക്കൂട്ടത്തിന്റെയും നാട്ടുകാരുടെയും കൈസഹായം. കൊച്ചി- ധനുഷ്‌കോടി ദേശിയപാതയിൽ കല്ലാർ ജംഗ്ഷനിൽ സവാരി നടത്തുന്ന 20 ആട്ടോറിക്ഷ ഡ്രൈവർമാരാണ് റിപ്പബ്ലിക് ദിനത്തിലെ തങ്ങളുടെ വരുമാനം ബൈജു സഹായനിധിയിലേക്ക് സംഭാവന ചെയ്തത്. വൃക്കകൾ തകരാറിലായ ബൈജുവിന് സഹായമഭ്യർത്ഥിച്ച് കല്ലാർ ജംഗ്ഷനിലെ ആട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച പരസ്യ ബോർഡ് കണ്ട് മുക്കാൽ ലക്ഷത്തോളം രൂപ കിട്ടുമെന്ന് ആരും വിചാരിച്ചിരുന്നില്ല. യുവാവിന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ ആട്ടോ ഡ്രൈവർമാർ തങ്ങളാലാകുന്ന വിധം ബൈജുവിനെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അവധി ദിവസമായ റിപ്പബ്ലിക് ദിനത്തിൽ തങ്ങൾക്കു ലഭിച്ച വരുമാനത്തിനൊപ്പം ദേശീയപാതയിലെ യാത്രക്കാരിൽ നിന്നും ഇവർ സഹായം സമാഹരിച്ചു. 41,000 രൂപയാണ് ഇവർ മാത്രം ഒറ്റദിവസംകൊണ്ട് ബൈജുവിനായി കണ്ടെത്തി നൽകിയത്. കാക്കിയിട്ടവർക്കൊപ്പം കല്ലാറിലെ വ്യാപാരികളും മാങ്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ 2003- 2004 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളും സംഭാവന ചെയ്തു. കല്ലാറിലെ ഭക്ഷണശാലകളിൽ സ്ഥാപിച്ച ധനസമാഹരണപ്പെട്ടികളിൽ വിദേശ വിനോദസഞ്ചാരികളടക്കം ബൈജുവിനായി സംഭാവന സമർപ്പിച്ചു. ഇതുകൂടിയായപ്പോൾ ഒരു ദിവസം കൊണ്ട് മുക്കാൽലക്ഷത്തോളം രൂപയായി. വിവിധ ഇടങ്ങളിൽ നിന്നായി പണം സമാഹരിച്ച് ബൈജുവിന് നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ധനസമാഹരണത്തിന് നേതൃത്വം നൽകിയ കല്ലാറിലെ യുവവ്യാപാരി ഹുസൈനാർ എം.എം പറഞ്ഞു. കല്ലാറിൽ നിന്ന് സമാഹരിച്ച തുക ഭാരവാഹികൾ ബൈജുവിന്റെ മാങ്കുളത്തെ വീട്ടിലെത്തി ബന്ധുക്കൾക്ക് കൈമാറി.