അടിമാലി: കാത്തിരിപ്പിനൊടുവിൽ കുരിശുപാറ കോട്ടപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ കട്ടിളവയ്പ്പ് കർമ്മം നടന്നു. ഇന്നലെ രാവിലെ 8.30നും ഒമ്പതിനും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ കട്ടിളയുടെ ഭാഗമായ ശിലസ്ഥാപിച്ചു. മൂന്ന് മാസങ്ങൾക്കുള്ളിൽ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ പി സതീശൻ പറഞ്ഞു. പ്രദേശത്ത് മഹാവിഷ്ണു ക്ഷേത്രം നിർമ്മിക്കണമെന്ന ദേവപ്രശ്നത്തിന്റെയും 1750 വർഷങ്ങൾക്ക് മുമ്പ് ഭഗവാൻ മഹാവിഷ്ണുവിന്റെ സാന്നിധ്യം കോട്ടപ്പാറയിലുണ്ടായെന്ന ഐതിഹ്യത്തിന്റെയും ചുവടുപിടിച്ചാണ് ക്ഷേത്രത്തിന്റെയും ക്ഷേത്രകുളത്തിന്റെയും നിർമ്മാണം പുരോഗമിക്കുന്നത്. വിശ്വാസികൾക്ക് പുറമേ ട്രസ്റ്റ് ഭാരവാഹികളായ കെ.പി. സതീശൻ, സുനിൽകുമാർ, ബാബു കുഴിവേലിൽ, ബൈജുമോൻ പാറത്താഴത്ത്, സി.കെ. ബാബു എന്നിവർ കട്ടിളവയ്പ്പ് കർമ്മത്തിൽ പങ്കെടുത്തു.