തൊടുപുഴ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം മുട്ടം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ 85 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന പൊലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷന്റെ മേൽനോട്ടത്തിൽ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരളയാണ് (സിൽക്) മന്ദിരം നിർമ്മിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിൽ നിന്ന് പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം നിർമ്മാണം ആരംഭിക്കും. പത്ത് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി പൊലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷന് കൈമാറണമെന്നാണ് വ്യവസ്ഥ. രണ്ട് തട്ടുകളിലായിട്ട് മുട്ടം പൊലീസ് സ്റ്റേഷന് 68 സെന്റ് സ്ഥലമാണുള്ളത്. നിലവിലുള്ള കെട്ടിടം നില നിർത്തി ഇതിന്റെ നേരെ പുറകിൽ താഴെ തട്ടിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി 3500 ചതുരശ്ര അടി വിസ്തീർണ്ണത്തോടെയാണ് പുതിയ മന്ദിരം പൂർത്തീകരിക്കുന്നത്. 65 വർഷക്കാലമായി കാഞ്ഞാർ പൊലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിച്ച് വന്നിരുന്ന മുട്ടം ഔട്ട് പോസ്റ്റ് 2016 ജനുവരി 12ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പൊലീസ് സ്റ്റേഷനായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പിന്നീട് തുടർ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.
നിലവിൽ പരിതാപകരം
വനിതകളുൾപ്പടെയുള്ള 36 ഉദ്യോഗസ്ഥർ തിങ്ങിഞെരുങ്ങിയാണ് നിലവിലെ ഔട്ട്പോസ്റ്റിൽ കഴിഞ്ഞിരുന്നത്. ചിലയവസരങ്ങളിൽ പ്രതികൾക്കൊപ്പമിരുന്നാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെ ജനലിലും വാതിലിലും ഗ്രില്ലുകൾ സ്ഥാപിക്കുകയും കർട്ടൻ ഇടുകയും ചെയ്താണ് ഔട്ട്പോസ്റ്റ് പ്രവർത്തിച്ചിരുന്നത്.
അത്യാധുനിക സൗകര്യങ്ങൾ
വി.ഐ.പി ക്യാബിൻ, എസ്.ഐ, എ.എസ്.ഐ, മറ്റ് ഉദ്യോഗസ്ഥർക്കുള്ള സ്ഥലം, റൈറ്റർ ക്യാബിൻ, ഫ്രണ്ട് ഓഫീസ്, വനിതകൾ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് വിശ്രമ സ്ഥലം, ലോക്കപ്പ്, തൊണ്ടിമുതൽ സൂക്ഷിക്കാനുള്ള സ്ഥലം, ബെല്ല് ഓഫ് ആംസ് ഏരിയ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരം പൂർത്തീകരിക്കുന്നത്.