flag
റിപ്പബ്ലിക് ദിനത്തിൽ കോഴിക്കാനം മൂന്നാം ഡിവിഷൻ അംഗൻവാടിയിൽ പതാക ഉയർത്തുന്ന നന്ദു

പീരുമേട്: ഏലപ്പാറ ടൗണിലും പരിസരങ്ങളിലുമായി കഞ്ചാവിനും മയക്കുമരുന്നിനും അടിമയായി വർഷങ്ങളോളം അലഞ്ഞു നടന്നയാൾ ദുശീലങ്ങൾ ഒഴിവാക്കി പുതു ജീവിതം നയിക്കാൻ തയ്യാറായതോടെ നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവനായി. മാനസാന്തരത്തിന് അംഗീകാരമായി റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അവർ അറുപതുകാരനായ നന്ദുവിനെ (60) തിരഞ്ഞെടുത്തു. പൂർണമായ പേര് അറിയാത്തതിനാൽ നന്ദു എന്ന വിളി പേരിലാണ് നാട്ടുകാർക്കിടയിൽ പരിചിതം. തിരുവനന്തപുരം സ്വദേശിയായിരുന്ന ഇയാൾ മൂന്നു വർഷക്കാലം ദുബായിലായിയിരുന്നു. പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഏലപ്പാറ ചീന്തലാറിൽ സ്ഥലം വാങ്ങി. വിവാഹ ശേഷം കുടുംബവുമായി ഇവിടെയായിരുന്നു താമസം. ഇതിനിടയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് വീട് വിട്ടിറങ്ങിയ നന്ദു ഹോട്ടലുകളിൽ വിറകു കീറിയും ചില്ലറ ജോലികൾ ചെയ്തുമാണ് കഴിഞ്ഞ പത്ത് വർഷമായി ജീവിച്ചത്. കടത്തിണ്ണകളിലും കോഴിക്കാനം റോഡരികിൽ കെട്ടിയുണ്ടാക്കിയ കുടിലിലുമായാണ് താമസിച്ചിരുന്നത്. ഇതിനിടെ കഞ്ചാവിനും മദ്യത്തിനും അടിമയായി. ദിവസങ്ങൾക്ക് മുമ്പാണ് നന്ദു കോഴിക്കാനം ബഥേൽ ചർച്ചിലെ പാസ്റ്റർ ശശിയുടെ അടുത്തെത്തിയത്. തുടർന്ന് നന്ദുവിന്റെ താമസം ഇവിടെയായി. താമസം മാറിയതോടൊപ്പം ദുശീലങ്ങൾ ഒഴിവാക്കി. പെട്ടെന്നുണ്ടായ ഈ മാറ്റം നാട്ടുകാർക്ക് അവിശ്വസനീയമായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തെ കുറിച്ചുള്ള ആലോചനാ യോഗത്തിൽ അംഗൻവാടി ടീച്ചർ അന്നമ്മയാണ് പതാക ഉയർത്താൻ നന്ദുവിന്റെ പേര് നിർദ്ദേശിച്ചത്. നന്ദുവാണ് റിപ്പബ്ലിക് ദിനത്തിൽ ഏലപ്പാറ കോഴിക്കാനം മൂന്നാം ഡിവിഷൻ അംഗൻവാടിയിൽ പതാക ഉയർത്തിയത്. ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുള്ള നന്ദു തന്റെ ജീവിതാനുഭവം പങ്കു വെച്ചാണ് യോഗത്തിൽ നിന്നും മടങ്ങിയത്.