maalinyam
മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം രണ്ടാംഘട്ട പ്രചാരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് ഹരിത നിയമാവലി കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യുജോണിന് നൽകി പി.ജെ. ജോസഫ് എംഎൽഎ പ്രകാശനം ചെയ്യുന്നു.

മുട്ടം: ഹരിത നിയമ സാക്ഷരത പോലെയുള്ള നൂതന ആശയങ്ങൾ കുട്ടികളിലൂടെയാണ് ഫലപ്രദമായി സമൂഹത്തിൽ പ്രാവർത്തികമാക്കാനാവുകയെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഹരിതകേരളം മിഷന്റെ 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' രണ്ടാംഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായ ഹരിത നിയമ സാക്ഷരതാ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം മുട്ടം മാർത്ത് മറിയം പാരീഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുമാരമംഗലത്ത് റോഡരികിൽ മാലിന്യം വലിച്ചെറിയാൻ പോയ പിതാവിനെ സ്‌കൂൾ വിദ്യാർത്ഥിയായ മകൻ പിന്തിരിപ്പിച്ച അനുഭവം എം.എൽ.എ അനുസ്മരിച്ചു. സ്‌കൂളിൽ നിന്ന് ലഭിച്ച അറിവിൽ നിന്നാണ് ആ കുട്ടി മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് കുറ്റമാണെന്നു മനസിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മുട്ടം പഞ്ചായത്ത് പ്രസിഡണ്ട് കുട്ടിയമ്മ മൈക്കിൾ അദ്ധ്യക്ഷയായ ചടങ്ങിൽ ഹരിത കേരളം പ്രസിദ്ധീകരിച്ച ഹരിത നിയമാവലി കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യു ജോണിന് നൽകി പി.ജെ. ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി മെമ്പർ സെക്രട്ടറി ദിനേഷ് എം. പിള്ള മുഖ്യപ്രഭാഷണം നടത്തി. ഹരിത നിയമാവലി കൈപ്പുസ്തകം പരിചയപ്പെടുത്തലും ക്യാമ്പെയിൻ അവതരണവും ഹരിതകേരളം ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു നിർവഹിച്ചു. മലിനീകരണവുമായി ബന്ധപ്പെട്ട നിയമ നടപടികൾ മലിനീകരണ നിയന്തരണ ബോർഡ് അസി.എൻജിനീയർ ശ്രുതി ഉദയൻ വിശദീകരിച്ചു. മലിനീകരണത്തിനെതിരെ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ കുമളി പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യുജോൺ, കുടുംബശ്രീ മിഷൻ അസി. കോർഡിനേറ്റർ ഷാജിമോൻ എന്നിവർ സംസാരിച്ചു. ഹരിതകേരളം റിസോഴ്സ് പേഴ്സൺ എൻ.ആർ. രാജൻ സ്വാഗതവും മുട്ടം പഞ്ചായത്ത് സെക്രട്ടറി എ.ആർ. ഉഷ നന്ദിയും പറഞ്ഞു.