കാഞ്ഞാർ: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ കുടയത്തൂർ സംഗമം ജംഗ്ഷനിലുള്ള കുഴി വാഹനങ്ങൾക്ക് കെണിയാകുന്നു. ജലവിതരണ പൈപ്പ് തകരാറിലായപ്പോൾ അറ്റകുറ്റപണിക്കായെടുത്ത കുഴിയാണ് വേണ്ട വിധം മൂടാത്തതിനാൽ അപകടകെണിയായി മാറിയത്. നിരപ്പാർന്ന റോഡിനോട് ചേർന്നാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാത്ത ഈ കുഴിയിൽ വാഹനങ്ങൾ വീണ് അപകടം ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. കമ്പുകളും മറ്റും ഉപയോഗിച്ച് കുഴിക്ക് ചുറ്റും കെട്ടിയിരിക്കുന്ന വേലിയും തകർന്ന അവസ്ഥയിലാണ്. അപകടകെണിയായ കുഴി നികത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.