ഇടുക്കി: ജില്ലയിലെമ്പാടും വിപുലമായി റിപ്പബ്ലിക് ദിനാഘോഷം നടത്തി. റിപ്പബ്ലിക് ദിനത്തിൽ തന്നെ ഇടുക്കിയുടെ 47-ാമത് പിറന്നാളുമെത്തിയത് ജില്ലാ ആസ്ഥാനത്ത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. ഇടുക്കി ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം മന്ത്രി എം.എം. മണി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കേരളം സമാനതകളില്ലാത്ത പ്രകൃതി ദുരിതങ്ങളെ അതിജീവിച്ച് മന്നേറുന്ന നാളുകളാണിതെന്നും നവകേരള നിർമ്മതിക്കായി എല്ലാവരും ഒരുമിച്ച് മന്നേറണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷത വെല്ലുവിളികൾ നേരിടുകയും സ്ത്രീ പുരുഷ സമത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉത്കണ്ഠാജനകമാണെന്നും മന്ത്രി പറഞ്ഞു. വിവിധ കലാപരികളോടെയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള സൗഹൃദ വടംവലിയോടയുമായിരുന്നു റിപ്പബ്ലിക് ദിനാചരണങ്ങൾ സമാപിച്ചത്. ജോയ്സ് ജോർജ് എം.പി, ജില്ലാ കളക്ടർ കെ. ജീവൻ ബാബു, ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, എ.ഡി.എം പി.ജി. രാധാകൃഷ്ണൻ, ആർ.ഡി.ഒ എം.പി. വിനോദ്, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, ത്രിതല പഞ്ചായത്തംഗങ്ങളായ ലിസമ്മ സാജൻ, ടിന്റു സുഭാഷ്, ജോർജ് വട്ടപ്പാറ, റിൻസി സിബി, ടോമി ജോർജ്, കെ.എം ജലാലുദ്ദീൻ, അമ്മിണി ജോസ്, പ്രഭാ തങ്കച്ചൻ, റീത്താ സൈമൺ, ബാബു എന്നിവർ പങ്കെടുത്തു.

വിപുലമായ മാർച്ച് പാസ്റ്റ്

പരേഡ് കമാൻഡർ എസ്. മധുവിന്റെ നേതൃത്വത്തിൽ വിവിധ സേന വിഭാഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ, എസ്.പി.സി കേഡറ്റ്സ്, സ്‌കൗട് ആന്റ് ഗൈഡ്സ് എന്നീ വിഭാഗങ്ങൾ മാർച്ച് പാസ്റ്റ് നടത്തി. 25 ഗ്രൂപ്പുകളാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. പൊലീസ് വിഭാഗത്തിൽ നിന്ന് ജില്ലാ ഹെഡ്ക്വാർട്ടേർസ് എസ്.ഐ കെ.വി. ഡെന്നിയുടെ നേതൃത്വത്തിൽ അണിനിരന്ന മാർച്ച് പാസ്റ്റ് ഏറ്റവും മികച്ച രീതിയിൽ അണനിരന്ന സേന വിഭാഗങ്ങൾക്കുള്ള അംഗീകാരം സ്വന്തമാക്കി. ജില്ലാ എക്‌സൈസ് ഇൻസ്‌പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയ് ഘോഷിന്റെ നേൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മാർച്ച് പാസ്റ്റിൽ അണിനിരന്നു. എൻ.സി.സി സീനിയർ വിഭാഗം, ജൂനിയർ വിഭാഗം എന്നിങ്ങനെ വിവിധ സ്‌കൂളുകൾ, കോളേജുകൾ എന്നിവടങ്ങളിൽ നിന്നായി ഏഴ് ടീമുകൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. എൻ.സി.സി സീനിയർ വിഭാഗത്തിൽ കട്ടപ്പന ഗവ. കോളേജിലെ എൻ.സി.സി കേഡറ്റുകൾ അണിനിരന്ന മാർച്ച് പാസ്റ്റ് മികച്ച മാർച്ച് പാസ്റ്റിനുള്ള ബഹുമതി സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ കുളമാവ് ജവഹർ നവോദയ വിദ്യാലയം ഒന്നാം സ്ഥാനത്തിനർഹരായി. എസ്.പി.സി വിഭാഗങ്ങൾക്കുള്ള പുരസ്‌കാരം വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളിനും മികച്ച സ്‌കൗട്സ് വിഭാഗങ്ങൾക്കുള്ള അംഗീകാരം ഇടുക്കി വിദ്യാധിരാജ വിദ്യാസദൻ സ്‌കൂളിനും മികച്ച ഗൈഡ്സ് വിഭാഗങ്ങൾക്കുള്ള പുരസ്‌കാരം പൈനാവ് കേന്ദ്രീയ വിദ്യാലയവും നേടിയപ്പോൾ മികച്ച ബാന്റിനുള്ള ബഹുമതി പണിക്കൻകുടി സർക്കാർ സ്‌കൂളും സ്വന്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരം
ജില്ലയിൽ കഴിഞ്ഞ ഒരു വർഷക്കാലത്തോളമായി മികച്ച സേവനങ്ങൾ കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥരെ ചടങ്ങിൽ അനമോദിച്ചു. തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം, അടിമാലി ഇരുമ്പുപാലം കുഞ്ഞൻപിള്ള കൊലപതാകം, വിഷ്ണു വധക്കേസ്, പീരുമേട് എസ്.ബി.ഐ എ.ടി.എം കവർച്ച, വണ്ടന്മേട് കള്ളനോട്ട് കേസ് തുടങ്ങിയ ഏഴോളം കേസുകളിൽ അതിവേഗത്തിൽ കേസ് റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ചടങ്ങിൽ മന്ത്രി പുരസ്‌കാരങ്ങൾ സമർപ്പിച്ചു.