ചെറുതോണി: ഇടുക്കി,​ ചെറുതോണി അണക്കെട്ടുകൾ മേയ് 31 വരെ സന്ദർശകർക്ക് തുറന്ന് നൽകാൻ സർക്കാർ ഉത്തരവ്. ഗവർണർ ഒപ്പ് വച്ച നിർദ്ദേശം ഇന്ന് മുതൽ നടപ്പിലാക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. മുമ്പ് ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകളിലുമായിരുന്നു ഡാമിൽ സന്ദർശനാനുമതി നൽകിയിരുന്നത്. ക്രിസ്തുമസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജനുവരി 22 വരെ അണക്കെട്ടുകൾ സന്ദർശകർക്ക് തുറന്ന് നൽകിയിരുന്നു. ഇത് തുടരാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ 1500 വീതം സന്ദർശകർ ഡാമിൽ എത്തിയിരുന്നു. മൂന്നാറിലെ തണുപ്പ് നുകരുന്നതിന് എത്തിയ സന്ദർശകരിൽ ബഹുഭൂരിപക്ഷവും ഇടുക്കിയിലും എത്തിയതായാണ് കണക്ക്. ഇടുക്കിയിൽ സന്ദർശകർ കൂടിയ സാഹചര്യം മുതലാക്കാനാണ് പുതിയ നടപടി. ഇത് ജില്ലയിലെ ടൂറിസം സാധ്യതകൾക്ക് ഗുണകരമാവും. പ്രളയത്തെ തുടർന്ന് വ്യാപാര മേഖലയ്ക്ക് ഉണ്ടായ മാന്ദ്യം ടൂറിസ വരുമാനത്തിലൂടെ നികത്താനാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.