തൊടുപുഴ: ആലക്കോട് പഞ്ചായത്ത് പ്രസിഡന്റായി ടോമി കാവാലം തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണപ്രകാരം കോൺഗ്രസിലെ മിനി ജെറി രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 11-ാം വാർഡ് മെമ്പർ മിനി ജെറി പേര് നിർദ്ദേശിച്ചു. രണ്ടാം വാർഡ് മെമ്പർ സഫിയ മുഹമ്മദ് പിന്താങ്ങി. എൽ.ഡി.എഫിലെ മൂന്ന് മെമ്പർമാർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. വരണാധികാരി തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസർ പി.ഐ. അൻസാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ടോമി കാവാലം ചുമതലയേറ്റു. കേരള കോൺഗ്രസ്- എം ആലക്കോട് മണ്ഡലം പ്രസിഡന്റായ ടോമി 1995 മുതൽ 2000 വരെ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, 2005 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടണ്ട്. തെക്കുംഭാഗം സർവീസ് സഹകരണബാങ്ക് പ്രസിഡന്റാണ്.