അടിമാലി: എക്‌സ് സർവീസ്‌മെൻ ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന സേവ് ഗ്രീൻ സേവ് ഫോറസ്റ്റ് പദ്ധതിയുടെ ഭാഗമായി ഇന്ന് അടിമാലി വാളറയിലും ചീയപ്പാറയിലും മാലിന്യ നിർമ്മാർജ്ജന ക്യാമ്പയിൻ നടത്തും. കഴിഞ്ഞ മൂന്ന് മാസമായി നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയെ മാലിന്യമുക്തമാക്കാൻ എക്‌സ് സർവീസ്‌മെൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് ക്യാമ്പയിൻ നടത്തുന്നത്. പരിപാടിയുടെ ഭാഗമായി വനമേഖലയിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഖരമാലിന്യങ്ങൾ ക്രയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. പൊതു സമൂഹത്തിനിടയിൽ മാലിന്യ സംസ്‌കരണ സന്ദേശം കൂടുതൽ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്, വനംവകുപ്പ്, അടിമാലി പഞ്ചായത്ത്, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരെ പരിപാടിയുമായി സഹകരിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയുടെ വിവിധ മേഖലകളിൽ എക്‌സ് സർവീസ്‌മെൻ ചാരിറ്റബിൾ ട്രസ്റ്റ് ശ്രദ്ധേയമായ മാലിന്യ സംസ്‌കരണ ജോലികളാണ് നടപ്പിലാക്കുന്നത്. നേര്യമംഗലം വനമേഖലയിൽ നിന്ന് മാത്രം 1300 ടൺ മാലിന്യം ട്രസ്റ്റ് ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. സാനിറ്ററി നാപ്കിനുകൾ ഒഴികെ ശേഖരിക്കുന്ന മാലിന്യങ്ങൾ പുനരുപയോഗം സാധ്യമാകും വിധം വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ട്രസ്റ്റ് ചെയ്യുന്നത്. ഇതിനോടകം ഏറെ പ്രശംസ പിടിച്ച് പറ്റിയ സേവ് ഗ്രീൻ സേവ് ഫോറസ്റ്റ് പദ്ധതി ഏതാണ്ട് അവസാനഘട്ടത്തിലാണെന്നും ട്രസ്റ്റ് ഭാരവാഹികളായ വർഗീസ് തോമസ്, ടി.പി. സ്‌കറിയ, കെ.എൻ. ഗോപിനാഥ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.