തൊടുപുഴ: കഴിഞ്ഞ 25ന് ഇലപ്പള്ളി സ്വദേശി മനോജിന് കാഞ്ഞാറിൽ നിന്ന് തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല ഏഴല്ലൂർ സ്വദേശി നസീർ ഉടമയ്ക്ക് തിരിച്ച് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരശേഷം തൊടുപുഴ പുളിമൂട്ടിൽ പെട്രോൾ പമ്പിന് സമീപമുള്ള വക്കീലാഫീസിലെത്തി തിരികെ വരുംവഴി കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ നിന്നാണ് നസീറിന് കളഞ്ഞുപോയ സ്വർണ്ണമാല ലഭിച്ചത്. മറ്റാരും കാണാതിരുന്നിട്ടും കളഞ്ഞ് കിട്ടിയ സ്വർണ്ണമാല നസീർ തൊട്ടടുത്ത വക്കീൽ ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതേ സമയം മനോജ് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേ വക്കീലാഫീസിൽ മറ്റൊരു കേസുമായി എത്തി തിരികെ മടങ്ങുംവഴിയാണ് മനോജിന് മാല നഷ്ടമാകുന്നത്. അന്വേഷണാർത്ഥം പിറ്റേ ദിവസം വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് മാല നസീർ ഏൽപ്പിച്ചതായി മനോജ് അറിയുന്നത്. തൊടുപുഴ ടൗണിൽ ടയർ വർക്ക് നടത്തുകയാണ് ഏഴല്ലൂർ കൈനിക്കൽ വീട്ടിൽ നസീർ. ഐ.എൻ.എൽ ഭാരവാഹിയായ നസീർ ജില്ലാ നേതാക്കളായ എം. സുലൈമാൻ, കെ.എം. ജബ്ബാർ, കെ.ജി. കണ്ണൻദാസ് എന്നിവരോടൊപ്പം തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ. വിഷ്ണുകുമാറിന്റെ സാന്നിദ്ധ്യത്തിൽ സ്വർണ്ണമാല മനോജിന് കൈമാറുകയായിരുന്നു.