1. മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള 17 പുരുഷ- വനിതാ സ്വാശ്രയസംഘങ്ങളുടെ നാലാമത് സംഗമം തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ.എൻ. ബാബു ഉദ്ഘാടനം ചെയ്തു. രണ്ടുകോടിയോളം രൂപ നിക്ഷേപവും 1.67 കോടി രൂപ ലോണുമുള്ള 17 സ്വാശ്രയസംഘങ്ങളാണ് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനോടൊപ്പം വരുംവർഷത്തെ മാർഗരേഖകളും അവതരിപ്പിക്കപ്പെട്ടു. റിപ്പോർട്ടിന്മേൽ നാല് മണിക്കൂർ സമയമെടുത്ത് 17 സംഘങ്ങളിലെയും ഓരോ പ്രതിനിധികൾ വീതം പൊതു ചർച്ചയിൽ സംസാരിച്ചു. സംഗമത്തിൽ സഹൃദയ ജയ്ഹിന്ദ് സംഘാംഗം ഷിബു ജോസഫിന്റെ മകളുടെ ചികിത്സയ്ക്കായി സംഘാംഗങ്ങളിൽ നിന്ന് മാത്രം സ്വരൂപിച്ച 91,500/- രൂപയുടെ ചെക്ക് കെ.എം. ബാബു കൈമാറി. സാമ്പത്തിക ക്രയവിക്രയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻപോകുന്ന തീരുമാനങ്ങളെടുത്ത് വൈകിട്ട് ആറിന് സംഗമം പിരിഞ്ഞത്. ലൈബ്രറി സെക്രട്ടറി ഷാജുപോൾ സ്വാഗതവും ജോസ്‌ തോമസ് നന്ദിയും പറഞ്ഞു.