ഇടുക്കി: കലാ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ- കലാ പരിശീലന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലെ കലാകരന്മാർക്ക് വേണ്ടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിനകം നൂറോളം പേർ രജിസ്റ്റർ ചെയ്തു. അതത് പഞ്ചായത്തുകളിലും പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ട്. ചിത്രകല, ശിൽപകല, പരസ്യകല എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ആഴ്ചയിൽ ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമായാണ് പരിശീലനം. അഞ്ച് സെന്ററുകളിലായി പരിശീലം ആരംഭിക്കും. കുഞ്ചിതണ്ണി, ആയിരം ഏക്കർ, കമ്പിളികണ്ടം, ബൈസൺവാലി, പള്ളിവാസൽ എന്നിവിടങ്ങളിലായാണ് പരിശീലനം നടക്കുക. നടത്തിപ്പിനായി മൂന്ന് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം മിമിക്‌സ് താരം രാജേഷ് അടിമാലി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണൻ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. പ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി സുരേന്ദ്രൻ, ബി.ഡി.ഒ പ്രവീൺ വാസു, സാംസ്‌കാരിക വകുപ്പ് ഫെലോഷിപ്പ് ജില്ലാ കോ-ഓഡിനേറ്റർ മോബിൻ മോഹൻ എന്നിവർ സംസാരിച്ചു.