പോത്തിൻക്കണ്ടം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പോത്തിൻക്കണ്ടം ശ്രീനാരായണ യു.പി സ്കൂൾ വിദ്യാർത്ഥികളുടെ പഠനനേട്ടങ്ങൾ പൊതുസമൂഹവുമായി പങ്കുവയ്ക്കുന്ന "പഠനോത്സവം -2019 " ഇന്ന് നടക്കും. രാവിലെ 10ന് വാർഡ് മെമ്പർ രഞ്ജു ബിജു പഠനോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി.കെ. തുളസീധരൻ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് എ.എസ്. പ്രസന്ന, പഞ്ചായത്ത് അംഗം അമ്പിളി സിബി, പി.ടി.എ പ്രസിഡന്റ് സനൽ കുമാർ, സ്റ്റാഫ് സെക്രട്ടറി കെ.ആർ. ഷാജിമോൻ എന്നിവർ സംസാരിക്കും. 1968-ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം സുവർണജൂബിലി പിന്നിട്ടിരിക്കുകയാണ്. നെടുങ്കണ്ടം സബ് ജില്ലയിൽ ഏറ്റവും കടൂതൽ വിദ്യാർത്ഥികൾ പഠിക്കുന്ന യുപി സ്കൂൾ എന്ന ബഹുമതിയും പോത്തിൻക്കണ്ടം ശ്രാനാരായണ യു.പി.എസിന് സ്വന്തമാണ്. ഹൈടെക്ക് ക്ലാസുമുറികൾ ഒരുക്കിയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും പഠനനിലവാരം കൂടുതൽ മികവുറ്റതാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി പുതിയ എട്ട് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നു വരികയുമാണ്. യാത്രാ ബുദ്ധിമുട്ടുകളും പ്രതികൂല കാലാവസ്ഥയുമുൾപ്പെടെ പരിമിതികളേറെയുള്ള മലയോര കാർഷിക മേഖലയിൽ പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലായ അവസരത്തിലും പോത്തിൻക്കണ്ടം നിവാസികളും സമീപവാസികളും മക്കളുടെ വിദ്യാഭ്യാസത്തിന് പ്രഥമപരിഗണന നൽകിയത് ഈ സ്കൂളിന് ആയിരുന്നുവെന്നതാണ് എല്ലാനേട്ടങ്ങൾക്കും കാരണമെന്ന് മാനേജ്മെന്റ് അനുസ്മരിച്ചു. ഇന്ന് നടക്കുന്ന പഠനോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സ്വാഗതസംഘം ഭാരവാഹികളും അറിയിച്ചു.