police-station
ഉദ്ഘാടനത്തിനൊരുങ്ങുന്ന ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ

രാജാക്കാട്: ഉടുമ്പൻചോലയിൽ പുതുതായി അനുവദിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഴിഞ്ഞ വർഷംതന്നെ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പണികൾ ഉടുമ്പൻചോല പഞ്ചായത്തും ജനകീയ കമ്മിറ്റിയും ചേർന്ന് പൂർത്തീകരിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ സൗകര്യാർത്ഥം ഉദ്ഘാടനം രണ്ടുതവണ മാറ്റിവയ്ക്കുകയായിരുന്നു. ഏതാനും മാസം മുമ്പ് 36 പൊലീസുകാരെ ഉടുമ്പൻചോല സ്റ്റേഷനിലേക്ക് നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നു. മൂന്ന് എസ്.ഐമാർ, ഒരു എ.എസ്.ഐ, അഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, അഞ്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ, 20 സിവിൽ പൊലീസ് ഓഫീസർമാർ, രണ്ട് ഡ്രൈവർമാർ എന്നിവരെയാണ് നിയമിച്ചിരുന്നത്. ഉടുമ്പൻചോലയ്ക്ക് പുറമെ തോട്ടം മേഖലകളായ മൈലാടുംപാറ, ചതുരംഗപ്പാറ, കൽത്തൊട്ടി, കാന്തിപ്പാറ, ചെമ്മണ്ണാർ, സേനാപതി തുടങ്ങിയ പ്രദേശങ്ങളാണ് പുതിയ സ്റ്റേഷന്റെ പരിധിയിൽ വരുന്നത്. പുതിയ പൊലീസ് സ്റ്റേഷൻ നിലവിൽ വരുന്നതോടെ ശാന്തൻപാറ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുകളുടെ പരിധികളും പുനഃക്രമീകരിക്കും. പൊലീസ് ഔട്‌പോസ്റ്റായി ഉപയോഗിച്ചിരുന്ന കെട്ടിടം നവീകരിച്ചാണ് പുതിയ സ്റ്റേഷന് സൗകര്യമൊരുക്കിയിരിക്കുന്നത്. വൈകാതെ തന്നെ സുസജ്ജമായ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കും. മൂന്നേമുക്കാൽ കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.