ചെറുതോണി: ആർ.എസ്.എസ്- സംഘപരിവാർ ശക്തികളുമായി കൂട്ടുചേർന്ന കേരള കോൺഗ്രസ്- മുസ്ലീംലീഗ്- കോൺഗ്രസ് പാർട്ടികളുടെ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. കോൺഗ്രസ് ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയുമായ് കൂട്ടുചേർന്ന് മതേതരശക്തികൾക്കെതിരായി എന്നും നിലകൊണ്ടിട്ടുണ്ട്. കോ-ലീ-ബി സഖ്യം ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ അധികാരത്തിനായി കേരള കോൺഗ്രസും ലീഗും ബി.ജെ.പിയുമായി ചേരുന്നത് നാടിനാപത്തുണ്ടാക്കും. മുസ്ലീംങ്ങൾ ഇന്ത്യ വിടണമെന്നും പാക്കിസ്ഥാനിലേക്ക് പോകണമെന്നും ആവശ്യപ്പെടുന്ന സംഘപരിവാറുമായി യോജിച്ചതിന് മുസ്ലിം ലീഗ് വലിയ വില നൽകേണ്ടിവരും. മാട്ടിറച്ചി വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ അരുംകൊല ചെയ്തവർക്കൊപ്പം ചേരാൻ ലീഗ് കൗൺസിലർമാർക്ക് എങ്ങനെ കഴിഞ്ഞെന്നത് അത്ഭുതകരമാണ്. അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുചേരുന്ന യു.ഡി.എഫ് നാടിന് നൽകുന്ന ഈ തെറ്റായ സന്ദേശം ജനങ്ങൾ തിരിച്ചറിയും. പുരോഹിതർക്കെതിരെ അക്രമം നടത്തുകയും പള്ളികൾ തകർക്കുകയും വിശ്വാസികളെ പതിയിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ തൊഴുത്തിൽ അകപ്പെട്ട കേരള കോൺഗ്രസിന്റെ നിലപാട് പൊതുസമൂഹത്തിന് അപമാനകരമാണ്. ശബരിമല വിധി വന്നതു മുതൽ ബി.ജെ.പിയുമായ് കൂട്ടുചേർന്നാണ് യു.ഡി.എഫ് പ്രവർത്തിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അദ്യം അനുകൂലിച്ച കോൺഗ്രസ്, ബി.ജെ.പി കളംമാറ്റി ചവിട്ടിയതിനെ തുടർന്ന് നിലപാട് മാറ്റുകയായിരുന്നു. തൊടുപുഴയിലുണ്ടായ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനെ ജനം തള്ളിക്കളയുമെന്നും ധാർമികതയിൽ ഉറച്ചു നിന്ന് മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച് ഇടതുപക്ഷം ശക്തമായി ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.