ksrtc
തേക്കുമരത്തിൽ തട്ടിനിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ്

തൊടുപുഴ: ഒരു തേക്കുമരം രക്ഷിച്ചത് 19 പേരുടെ വിലപ്പെട്ട ജീവൻ. നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി 50 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് മരത്തിൽ തട്ടിനിന്നത്. മുൻ ചക്രങ്ങൾ റോഡിൽ നിന്ന് പുറത്തിറങ്ങി ബസിന്റെ കാൽ ഭാഗത്തോളം കൊക്കയിലേക്ക് ചാഞ്ഞിട്ടും മരത്തിന്റെ കരുത്തിൽ കരകയറായനായതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ- തൊടുപുഴ റോഡിൽ നെല്ലാപ്പാറ വളവിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ക്രാഷ്ഗാർഡും തകർത്താണ് കൊക്കയിലേക്ക് നീങ്ങിയത്. മരത്തിൽ തട്ടി നിന്നില്ലായിരുന്നെങ്കിൽ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലും ഇടിച്ച് വൻ ദുരന്തം ഉണ്ടാകുമായിരുന്നു. പാല ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയശേഷം തൊടുപുഴ ഡിപ്പോയിൽ നിന്ന് എത്തിയ ജീവനക്കാരും പൊലീസും നാട്ടുകാരും ചേർന്ന് ബസ് റോഡിലേക്ക് തിരിച്ചുകയറ്റി.