ഇടുക്കി: ഒരാഴ്ചയിലേറെയായി പൊലീസും നാട്ടുകാരും അരിച്ചുപെറുക്കിയിട്ടും ഇലവീഴാപൂഞ്ചിറ മേഖലയിൽ ഒളിച്ചുകഴിയുന്ന കമിതാക്കളെ കണ്ടെത്താനായില്ല. മേലുകാവ് സ്വദേശിയായ 23കാരനായ യുവാവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമാണ് പൊലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിക്കുന്നത്. രണ്ടുവർഷം മുമ്പ് സമാനമായ മറ്റൊരു സംഭവത്തിൽ ചിങ്ങവനം പൊലീസ് ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പുതിയ ഇരയുമായി കാട് കയറിയിരിക്കുന്നത്. രണ്ടാഴ്ചമുമ്പ് പള്ളിയിൽ വേദപാഠ ക്ലാസിനെന്ന് പറഞ്ഞ് വീടുവിട്ട കുമളി സ്വദേശിയായ പെൺകുട്ടിയാണ് ഇത്തവണത്തെ ഇര.

വിശാലമായ പുൽമേടും ഇടയ്ക്കിടെ കുറ്റിക്കാടുകളും അപകടകരമായ പാറക്കെട്ടുകളുമുള്ള പ്രദേശത്താണ് ഇവർ ഒളിച്ചിരിക്കുന്നതെന്നതിനാൽ അന്വേഷണവും അത്ര സുഗമമല്ല. കഴിഞ്ഞ ദിവസം പൊലീസ് നായയെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. അതേസമയം കമിതാക്കൾ തമ്പടിച്ച നിരവധി പ്രദേശങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്താനുമായിട്ടുണ്ട്. അടുപ്പുകൂട്ടി ആഹാരം പാചകം ചെയ്ത് കഴിച്ചതിന്റെ അവശിഷ്ടങ്ങളും പാത്രങ്ങളുമൊക്കെ ചില സ്ഥലത്തുനിന്ന് കണ്ടുകിട്ടി. പെൺകുട്ടിയുടെ വാനിറ്റി ബാഗ്, നോട്ട് ബുക്ക്, വസ്ത്രങ്ങൾ എന്നിവയും ഒരു മൊബൈൽ ഫോണും നാട്ടിലിറങ്ങി തെങ്ങിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുവരുന്ന കരിക്കിൻ കുലകളും ഇതുവരെ കണ്ടെടുത്തവയുടെ പട്ടികയിലുണ്ട്. ഒളിസങ്കേതത്തിൽ ഇരുവരും ഒരുമിച്ചും തനിച്ചുമൊക്കെ എടുത്ത ഏറ്റവും പുതിയ സെൽഫി ചിത്രങ്ങൾ അടങ്ങിയ മൊബൈൽ ഫോണാണ് പൊലീസിന് ലഭിച്ചത്. കോട്ടയം ജില്ലയിലെ മേലുകാവ്, ഇടുക്കി ജില്ലയിലെ മുട്ടം, കാഞ്ഞാർ, കുടയത്തൂർ, കോളപ്ര എന്നീ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. പെൺകുട്ടിയെ കാടിനുള്ളിൽ ഒളിപ്പിച്ചിട്ട് കാമുകൻ ഇടയ്ക്കിടെ നാട്ടിലിറങ്ങി കരിക്ക്, ഭക്ഷ്യസാധനങ്ങൾ എന്നിവ ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം രാവിലെ ഇയാളുമായി സാദൃശ്യമുള്ള യുവാവിനെ കോളപ്ര ഏഴാംമൈൽ ഭാഗത്ത് കണ്ടതായി ചില നാട്ടുകാർ പൊലീസിന് വിവരം നൽകിയിരുന്നു. ഒരിക്കൽ അന്വേഷണത്തിനിടെ കുറച്ചകലെയുള്ള ഒരു പാറക്കെട്ടിൽ ഇരുവരും നിൽക്കുന്നത് കണ്ടെങ്കിലും പൊലീസ് സംഘം എത്തിയപ്പോഴേക്കും അപ്രത്യക്ഷരായി.

അന്വേഷിക്കുന്നത് നൂറിലേറെ പേരുടെ സംഘം

കട്ടപ്പന ഡി.വൈ.എസ്.പി, കുമളി പൊലീസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പൊലീസുകാരും നൂറിലേറെ നാട്ടുകാരും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. ഇലവീഴാപൂഞ്ചിറ ഭാഗത്തെ റിസോർട്ടും ആൾതാമസമില്ലാത്ത ഒരുവീടും കഴിഞ്ഞ കുറെ ദിവസങ്ങളായി താത്ക്കാലിക പൊലീസ് ക്യാമ്പായാണ് പ്രവർത്തിക്കുന്നത്. മുമ്പ് കേട്ടുകേഴ്‌വി പോലുമില്ലാത്തൊരു കേസായതിനാൽ കാടുകയറിയ കമിതാക്കളെ കണ്ടെത്താനുള്ള പൊലീസിന്റെ പരിശ്രമം നാട്ടുകാർക്കും കൗതുകമായിരിക്കുകയാണ്.