കട്ടപ്പന: ഉപ്പുതറ പത്തേക്കറിലെ പൊതുശ്മശാനത്തിൽ ശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി സിംഗിൾ ബഞ്ച് താത്കാലിക ഉത്തരവിറക്കി. സമീപവാസികളായ 50 പേർ ചേർന്നു നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ഷാജി.പി. ചാലിയുടെ ഉത്തരവ്. തുടർന്ന് ശവസംസ്‌കാരം നിരോധിച്ചതായി ഉപ്പുതറ പഞ്ചായത്ത് വെള്ളിയാഴ്ച ഇവിടെ ബോർഡും സ്ഥാപിച്ചു. ഫെബ്രുവരി 14 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ആസ്വിൻ വാൾ കമ്പനിയുടെ ഉടമസ്ഥതയിലിരിക്കെ 1916 ൽ പ്ലേഗ് രോഗം ബാധിച്ച് തോട്ടത്തിലെ നിരവധി തൊഴിലാളികൾ മരിച്ചിരുന്നു. ഇങ്ങനെ മരിച്ചവരെ സംസ്‌കരിക്കാനായി നാലു ഡിവിഷനുകളിലും ശ്മശാനത്തിന് പ്രത്യേകം ഭൂമി അനുവദിച്ചു. ലോൺട്രി ഡിവിഷനിൽ പത്ത് ഏക്കർ സ്ഥലമാണ് അനുവദിച്ചത്. പീരുമേട് ടീ കമ്പിനി തോട്ടം വാങ്ങിയ ശേഷവും പത്തേക്കറിലെ ശ്മശാനം അതേപടി നിലനിറുത്തിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് മൃതദേഹം സംസ്‌കരിച്ചതിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. എന്നാൽ അടുത്തകാലത്തായി എസ്റ്റേറ്റുമായി ഒരു ബന്ധവുമില്ലാത്തവരെയും ഇവിടെ സംസ്‌കരിക്കാൻ കൊണ്ടുവന്നു. ഇതിനെ സമീപവാസികളിൽ ചിലർ എതിർത്തു. ഇത് പല തവണ സംഘർഷത്തിനും കാരണമായി. എന്നാൽ നാട്ടുകാരിൽ ഒരു വിഭാഗം പൊതുശ്മശാനം നിലനിറുത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും ഇവിടെ മൃതദേഹങ്ങൾ സംസ്‌കരിക്കുകയും ചെയ്തു. തുടർന്ന് പലതവണ പരാതിയും സംഘർഷവും ഉണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രശ്‌ന പരിഹാരമുണ്ടാക്കുന്നതിന് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടവും പഞ്ചായത്തും ഇടപെട്ട് കഴിഞ്ഞ മാസം സമവായം ഉണ്ടാക്കി. റോഡരികിൽ നിന്ന് 50 മീറ്റർ മാറി മൃതദേഹം സംസ്‌കരിക്കാനും, അവിടേക്ക് പഞ്ചായത്ത് റോഡ് നിർമ്മിക്കാനും തീരുമാനിച്ചു. എന്നാൽ മുൻ പരാതിക്കാർ സമവായത്തെ എതിർക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. കേസ് പരിഗണിച്ചപ്പോൾ പത്തേക്കറിലെ പൊതുശ്മഗാനം അംഗീകാരമില്ലാത്തതാണെന്ന് പഞ്ചായത്ത് കോടതിയിൽ സത്യവാങ്മൂമൂലവും നൽകി. തുടർന്നാണ് ശവസംസ്‌കാരം താത്കാലികമായി തടഞ്ഞ് കോടതി വിധിയുണ്ടായത്. പഴയ കാര്യങ്ങൾ ഒന്നും കോടതിയെ ബോധ്യപ്പെടുത്താതെ ശ്മമശാനത്തിന് അംഗീകാരമില്ലെന്ന് ഏകപക്ഷീകമായി സത്യവാങ്മൂലം നൽകിയതിൽ പഞ്ചായത്തിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്.