വാഗമൺ: വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്ന സ്ഥലത്തെ ചൊല്ലി സി.പി.എം- കോൺഗ്രസ് പ്രവർത്തർ ഏറ്റുമുട്ടി. സ്ത്രീകൾ ഉൾപ്പെടെ ഇരുവിഭാഗങ്ങളിലുമായി എട്ട് പേർക്ക് നിസാരപരിക്കേറ്റു.

കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് അംഗം കറുപ്പുസ്വാമിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥാപിച്ച വെയിറ്റിംഗ് ഷെഡ് പൊളിച്ചുനീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. വർഷങ്ങൾക്ക് മുമ്പ് പുള്ളിക്കാനത്ത് യുവകലാസാഹിതിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പിന്നീട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെയിറ്രിംഗ് ഷെഡ് നിർമ്മിക്കുകയായിരുന്നു. ഇതിന് എതിർവശത്തായി പഞ്ചായത്ത് വെയിറ്റിംഗ് ഷെഡിന് വേണ്ടി അഞ്ച് സെന്റ് സ്ഥലം തേയിലതോട്ടം ഉടമയിൽ നിന്ന് ഏറ്റെടുക്കാൻ സറണ്ടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈ സ്ഥലം റവന്യൂ അധികൃതർ അളന്ന് തിരിച്ച് നൽകിയിട്ടില്ല. അതിനിടെ ഈ സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണപദ്ധതിയിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ പണം അനുവദിച്ചിട്ടുണ്ടെന്നും സ്ഥലം കിട്ടിയില്ലെങ്കിൽ ഫണ്ട് ലാപ്സാകുമെന്നും വാർഡ് മെന്പർ ഗ്രാമസഭയെ അറിയിച്ചു. സറണ്ടർ ചെയ്തസ്ഥലം പഞ്ചായത്തിന്റെ കൈവശം കിട്ടുന്നതിന് കാലതാസമുണ്ടാകുന്നതിനാൽ ഡി.വൈ.എഫ്.ഐയുടെ സ്ഥലത്ത് ഷെഡ് നിർമ്മിക്കാനായിരുന്നു മെമ്പറുടെ തീരുമാനം. സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇതിനോട് യോജിച്ചില്ല. എതിർപ്പ് വകവെയ്ക്കാതെ ഏതാനും സ്ത്രീകളുമായെത്തി മെമ്പറുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐയുടെ ഷെഡ് പൊളിച്ചുനീക്കുന്നതിനിടെ മറുപക്ഷവുമെത്തി വാക്കുതർക്കവും അടിപിടിയും ഉണ്ടാവുകയായിരുന്നു. ഇരുപക്ഷത്തുമുള്ളവർക്ക് നിസാരപരിക്കുകളുണ്ട്. കോൺഗ്രസ് പ്രവർത്തകർ പീരുമേട് താലൂക്ക് ആശുപത്രിയിലും ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവർത്തകർ ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്. വാഗമൺ പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു.