മറയൂർ: കുരങ്ങണി മലനിരകളിലെ ട്രക്കിംഗ് തമിഴ്‌നാട് വനം വകുപ്പ് നിരോധിച്ചു. കഴിഞ്ഞ വർഷത്തെ വേനലിൽ കുരങ്ങണിയിൽ ട്രക്കിംഗിനിടെ ഉണ്ടായ കാട്ടുതീയിൽ 23 പേർ മരിക്കുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും ചിലയിടങ്ങളിൽ കാട്ടുതീ പടർന്നെന്ന റിപ്പോർട്ടിനെ തുടർന്നുമാണ് നിരോധനം. ദുരന്തത്തെ തുടർന്ന് നിരോധിച്ച ട്രക്കിംഗ് തമിഴ്‌നാട് സർക്കാർ അപകടം അന്വേഷിക്കാൻ നിയമിച്ച വിചാരണകമ്മീഷൻ ചെയർമാൻ അതുല്യമിശ്രയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018 നവംബറിൽ പുനരാംഭിച്ചിരുന്നു. ടോപ്പ്‌സ്റ്റേഷനിലും കുരങ്ങണിയിലും ട്രക്കിംഗിനായി വിദേശികൾ ഉൾപ്പെടെ നിരവധി സാഹസിക സഞ്ചാരികളാണ് വർഷം തോറും എത്താറുള്ളത്. കേരളത്തിലെ പോലെ ജൂൺ ജൂലൈ മാസങ്ങളിൽ ഇവിടെ മഴ ലഭിക്കാറില്ലെന്നതിനാൽ ട്രക്കിംഗ് പുനരാരംഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും.